പുതിയ ചിത്രമായ തഗ് ലൈഫിൻ്റെ പ്രദർശന അനുമതിക്ക് കർണാടക ഹൈകോടതിയെ സമീപിച്ച് നടൻ കമൽ ഹാസൻ. തഗ് ലൈഫിൻ്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ച് നടത്തിയ പരാമർശം കർണാടകയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. കന്നഡ ഭാഷയുടെ ഉത്ഭവം തമിഴിൽ നിന്നാണെന്നായിരുന്നു പരാമർശം. തൻ്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷനലിൻ്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ മുഖേനയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
ചലച്ചിത്ര വ്യാപാര സംഘടനകളോടും, കർണാടക സംസ്ഥാന സർക്കാരിനോടും, പൊലീസ് വകുപ്പിനോടും, ചിത്രത്തിൻ്റെ റിലീസ് തടസ്സപ്പെടുത്തരുതെന്ന് നിർദേശിക്കണമെന്നാണ് ഹർജിയിൽ കമൽ ഹാസൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രദർശനത്തിന് മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പൊലീസ് ഡയറക്ടർ ജനറലിനും സിറ്റി പോലീസ് കമ്മീഷനറോടും നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കന്നഡ വിവാദ പരാമർശത്തിൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സാണ് (കെ.എഫ്.സി.സി) കർണാടകയിൽ ചിത്രത്തിൻ്റെ റിലീസ് നിരോധിച്ചത്. 24 മണിക്കൂറിനുള്ളിൽ കമൽ ഹാസന് പരസ്യമായി മാപ്പ് പറയണമെന്നും കെ.എഫ്.സി.സി അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ കെ.എഫ്.സി.സിയുടെ ആവശ്യം കമൽ ഹാസൻ തള്ളി.
തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയുമെന്നും നിലവിൽ തനിക്ക് തെറ്റ് പറ്റിയതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇതിനു മുമ്പും എന്നെ ഭീഷണപ്പെടുത്തിയിട്ടുണ്ട്.. ഞാൻ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും മാപ്പു പറയും. അങ്ങനെയല്ലെങ്കിൽ ഒരിക്കലും പറയില്ല. ഇതാണ് എൻ്റെ ജീവിതശൈലി, ദയവു ചെയ്ത് അതിൽ ഇടപെടരുത്.’ എന്നാണ് കമൽ ഹാസൻ്റെ പ്രതികരണം.
മുഖ്യമന്ത്രി ഉൾപ്പെടെ കന്നഡയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ കമൽ ഹാസനെതിരെ രംഗത്തെത്തിയിരുന്നു.കർണാടകയിൽ കമൽ ഹാസൻ്റെ സിനിമകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര കന്നഡ അനുകൂലികളും ഭരണ പ്രതിപക്ഷ രാഷ്ട്രീയനേതാക്കളും രംഗത്തെത്തിയതോടെയാണ് പ്രശ്നം വലിയ വിവാദത്തിലേക്ക് എത്തിയത്. ജൂൺ 5 നാണ് കമൽ ഹാസൻ നായകനാകുന്ന മണിരത്നം ചിത്രം തഗ് ലൈഫ് തിയറ്ററിൽ എത്തുന്നത്.