ചൊവ്വാഴ്ച 36 പുതിയ രോഗികൾ കൂടി ചേർന്നതോടെ കർണാടകയിൽ സജീവ കോവിഡ് കേസുകൾ 100 ആയതായി ആരോഗ്യവകുപ്പ് വാർത്ത ബുള്ളറ്റിനിൽ അറിയിച്ചു. 16 പേർ രോഗ മുക്തി നേടി. ഇതുവരെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 171ഉം ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 70ഉം ആണ്. ഒരാൾ മരണത്തിന് കീഴടങ്ങി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 381 പേരെ പരിശോധനക്ക് വിധേയമാക്കി. ഇതിൽ 361 ആർ ടി.പി.സി.ആർ ടെസ്റ്റും 20 റാപിഡ് ടെസ്റ്റുമാണ് നടത്തിയത്. 100 ആക്ടിവ് കേസുകളിൽ 96 പേരും ഹോം ഐസൊലേഷനിൽ കഴിയുകയാണ്. നാലുപേർ മാത്രമാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ബംഗളൂരുവിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പുതിയ കോവിഡ് കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഭാവിയിലെ ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ പൂർണമായി സജ്ജരായിരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അധിക്യതർക്ക് നിർദേശം നൽകി. കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടിൽ, ആരോഗ്യമന്തി ദിനേശ് ഗുണ്ടു റാവു, ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സൗകര്യങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയിൽ നിന്നും ആരോഗ്യവകുപ്പ് കോവിഡ് ടാസ്ക് ഫോഴ്സ് മേധാവിയിൽനിന്നും അദ്ദേഹം വിവരങ്ങൾ ശേഖരിച്ചു. മുൻകരുതൽ നടപടിയായി പ്രായമായവർ, ഗർഭിണികൾ, ഹൃദയ, ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ മാസ്ക് ധരിക്കണം.
ആരോഗ്യപ്രശ്നങ്ങളുള്ള ഗർഭിണികളെ ആശുപ്രതികൾക്കുള്ളിൽ മാറ്റിവെക്കുന്നത് നിർത്തണമെന്നും എല്ലാ ആശുപത്രികളിലും അവരെ ചികിത്സിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 3 ദിവസത്തിലൊരിക്കലോ ആവശ്യമെങ്കിൽ ആഴ്ചയിലൊരിക്കലോ കേസുകൾ ഉദ്യോഗസ്ഥർ അവലോകനം ചെയ്യണം.
കോവിഡ്-19 സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. പനി,ജലദോഷം എന്നിവയുള്ള കുട്ടികളെ സ്കൂളിൽ വിടാതെ വീട്ടിൽതന്നെ സൂക്ഷിക്കാൻ മുഖ്യമന്ത്രി മാതാപിതാക്കളോട് അഭ്യർഥിച്ചു. അത്തരം ലക്ഷണങ്ങൾക്കായി വിദ്യാർഥികളെ നിരീക്ഷിക്കാനും ജലദോഷം അല്ലെങ്കിൽ പനി ബാധിച്ച കുട്ടികളെ വീട്ടിലേക്ക് അയക്കാനും സ്കൂളുകൾക്ക് നിർദേശം നൽകി.
കിടക്കകൾ, ഓക്സിജൻ വെൻ്റിലേറ്ററുകൾ എന്നിവയുൾപ്പെടെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ എല്ലാ ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത നിർബന്ധമാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.