നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചത്. അഫാൻ്റെ പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം. അഫാന് കൊല്ലപ്പെട്ട ലത്തീഫിനോടും ഷാഹിദയോടും വൈരാഗ്യം ഉണ്ടായിരുന്നു എന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. 543 പേജുകളിലായാണ് കുറ്റപത്രം തയ്യാറാക്കിയത്. കുറ്റപത്രത്തില്‍ 110 സാക്ഷികളും, 116 തൊണ്ടിമുതലും, CCTV ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള 70 ഡിജിറ്റല്‍ തെളിവുകളുമാണ് ഉള്ളത്.
അഫാൻ്റെ മാതാവില്‍ നിന്നും ചിട്ടിതുകയായി ലഭിക്കാനുള്ള പണം തിരികെ ചോദിച്ചതാണ് പ്രധാന കാരണം. വീട് വിറ്റ് സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത് വിദേശത്തുള്ള പിതാവിനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മൊഴിയുണ്ട്. അഫാനും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായപ്പോള്‍ സഹായിക്കാതെ കുറ്റപ്പെടുത്തിയതും വൈരാഗ്യത്തിന് കാരണമായി. പെണ്‍സുഹൃത്ത് ഫര്‍സാനയുമായുള്ള ബന്ധം അബ്ദുള്‍ ലത്തീഫ് എതിര്‍ത്തതും കൊലയ്ക്ക് കാരണമായി എന്നും കുറ്റപത്രത്തില്‍ പറയുന്നു.