മലപ്പുറം കൂരിയാട് ഭാഗത്ത് ഉണ്ടായ ദേശീയപാത തകർച്ചയിൽ അന്വേഷണം നടത്തി കരാറുകാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. അപകടത്തിൻ്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നൽകിയ ഇടി മുഹമ്മദ് ബഷീർ എംപിക്കാണ് ഗഡ്കരി ഉറപ്പുനൽകിയത്. യാത്രക്കാർ തലനാരിഴക്കാണ് നിർമ്മാണം നടക്കുന്ന ഭാഗത്തുണ്ടായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് എംപി മന്ത്രിയെ അറിയിച്ചു.
ദേശീയപാത നിർമ്മാണത്തിലെ ഗൗരവമായ പിഴവുകൾ കൊണ്ടാണ് റോഡ് തകർന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രിയോട് പറഞ്ഞതായി ഇടി മുഹമ്മദ് ബഷീർ അറിയിച്ചു. ഇത്തരത്തിൽ സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി ഗൗരവത്തോടെ കാണുന്നില്ല. ദേശീയപാത 66 ൻ്റെ നിർമ്മാണത്തെക്കുറിച്ച് ക്രമക്കേടും അപാകതയും ഉണ്ടായെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടതായും എംപി പറഞ്ഞു.