തപാൽ വോട്ടിൽ കൃത്രിമം നടത്തിയെന്ന വെളിപ്പെടുത്തലിൽ മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെതിരേ പോലീസ് കേസെടുത്തു. ആലപ്പുഴ പോലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശ പ്രകാരമാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരമാണ് കേസ്. സൗത്ത് പോലീസിന് ഇതു സംബന്ധിച്ച് നിയമോപദേശം ലഭിച്ചിരുന്നു. 1989 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചു തിരുത്തി എന്നാണ് ജി. സുധാകരൻ പരസ്യമായി പറഞ്ഞത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ വിവാദത്തിന് പിന്നാലെ നിയമ നടപടികളിലേക്ക് നീങ്ങിയതോടെ സുധാകരൻ മലക്കം മറിയുകയാണുണ്ടായത്. പോസ്റ്റൽ ബാലറ്റ് തിരുത്തിയിട്ടില്ലെന്നും അല്പം ഭാവന കലർത്തിയാണ് താൻ സംസാരിച്ചതെന്നും ചിലർക്ക് ജാഗ്രത വരുത്താൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും പ്രശ്നമാക്കേണ്ടെന്നും താൻ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ആരേയും കള്ളവോട്ട് ചെയ്യാൻ പഠിപ്പിച്ചിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.