റബ്ബർ ടാപ്പിങ് തൊഴിലാളി കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മലപ്പുറം വണ്ടൂർ കാളികാവിൽ റബ്ബർ ടാപ്പിങ് തൊഴിലാളി ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൾ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. വനത്തിനോട് ചേർന്ന തോട്ടത്തിൽ ടാപ്പിങ് നടത്തുകയായിരുന്ന ഗഫൂറിനെ കടുവയാണ് ആക്രമിച്ചത്. ഗഫൂറിൻ്റെ കഴുത്തിന് കടിച്ചു ഉൾക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു.
പോലീസും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കരുവാരക്കുണ്ടുമായി അതിർത്തി പങ്കിടുന്ന അടയ്ക്കാക്കുണ്ടിലെ പാറശേരിയിൽ രാവിലെ ആറരയോടെയാണ് ആക്രമണമുണ്ടായത്. പാട്ടത്തിനെടുത്ത തോട്ടത്തിൽ റബ്ബർ ടാപ്പിങ് നടത്തുകയായിരുന്നു ഗഫൂർ.
ഇതിനിടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. സംഭവം നേരിട്ടു കണ്ട മറ്റൊരു ടാപ്പിങ് തൊഴിലാളിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഗഫൂറിൻ്റെ മൃതദേഹം കണ്ടെത്തിയത് ഒന്നര മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ്. ശരീര ഭാഗങ്ങൾ ഭക്ഷിച്ച നിലയിലാണ്. സംഭവസ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം എത്തിയിട്ടുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അനാസ്ഥയുണ്ടായെന്ന് ആരോപിച്ചു മുൻ ജനപ്രതിനിധികളടക്കം രംഗത്തെത്തി. പതിവായി വന്യജീവി ശല്യം നേരിടുന്ന പ്രദേശമാണ് അടയ്ക്കാക്കുണ്ട്. എന്നാൽ ആദ്യമായാണ് വന്യമൃഗ ആക്രമണം ഉണ്ടാകുന്നത്. നേരത്തെ കരുവാരക്കുണ്ട് പഞ്ചായത്തിലെ കേരള എസ്റ്റേറ്റിൽ പുലിയിറങ്ങിയിട്ടുണ്ട്.