പട്ടികജാതി സംവരണത്തിന് ദേവികുളം എംഎൽഎ എ രാജയ്ക്ക് എല്ലാ അർഹതയുമുണ്ടെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അമാനുള്ള, പികെ മിശ്ര എന്നിവർ ഉൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ കുടിയേറുന്ന കാലത്തു തന്നെ വസ്തുവകകൾ ഉണ്ടായിരിക്കണമെന്നും ഇല്ലെങ്കിൽ പട്ടികജാതി വിഭാഗാംഗമായി പരിഗണിക്കാൻ കഴിയില്ലെന്നുമുള്ള ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി തള്ളിയത്. 1950 ഓഗസ്റ്റ് 10ന് മുൻപ് പൂർവ്വികർ തിരുനെൽവേലിയിൽ നിന്ന് കുടിയേറിയവരാണെന്ന രാജയുടെ വാദം സുപ്രീംകോടതി ശരിവെച്ചു.
വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് എ. രാജ മത്സരിച്ചത് എന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ഹൈക്കോടതിയിൽ നൽകിയ തിരഞ്ഞെടുപ്പ് ഹർജിയിലെ ആക്ഷേപം. മാട്ടുപ്പെട്ടി സിഎസ്ഐ പള്ളിയിൽ മാമോദീസ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും പരിവർത്തിത ക്രൈസ്തവ വിഭാഗത്തിലുള്ളവരാണെന്നുമായിരുന്നു ഡി കുമാറിൻ്റെ വാദം.
ക്രിസ്ത്യൻ മതാചാരം പിന്തുടരുന്ന എ രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നും ആരോപിച്ചിരുന്നു. എന്നാൽ തന്റെ പൂർവ്വികർ കേരളത്തിലേക്ക് കുടിയേറിയവരാണെന്നും ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹമെന്നുമായിരുന്നു എ രാജയുടെ വാദം. എന്നാൽ കേസിൽ ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയായിരുന്നു ഹൈക്കോടതി വിധി.