ആളുകളെ ലഹരികൾ നിയന്ത്രതമായി ഉപയോഗിക്കാൻ പഠിപ്പിക്കുമ്പോഴാണ് അത് ഒഴിവാക്കാൻ സാധിക്കുകയെന്ന് മൈത്രേയൻ. ലഹരിയടക്കം ഏത് വസ്‌തുവും ലോകത്ത് മനുഷ്യന് ഉപയോഗിക്കാൻ പറ്റുമെന്നും നിയന്ത്രിതമായി ഉപയോഗിക്കുന്ന സ്ഥിതിയിലാണ് അത് ശരിയായി ബാലൻസ് ചെയ്യാൻ സാധിക്കുകയുള്ളുവെന്നും മൈത്രേയൻ കൂട്ടിച്ചേർത്തു. കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട ഒരു ഓൺ ലൈൻ മീഡിയയുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം.
കഞ്ചാവ് നിയമവിരുദ്ധമാണെങ്കിൽ നമ്മുടെ രാജ്യത്ത് കുംഭമേളയ്ക്ക് പോയിട്ടുള്ള സകല സ്വാമിമാരേയും പിടിച്ച് ജയിലിടേണ്ടി വരുമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഹിതം ജയിലിൽ പോവേണ്ടി വരുമെന്നും മൈത്രേയൻ അവകാശപ്പെട്ടു. ലോകം മുഴുവൻ കഞ്ചാവ് നിയമവിധേയമാക്കി കൊണ്ടിരിക്കുകയാണെന്നും അതെന്തുകൊണ്ടാണ് അങ്ങനെയെന്ന് ഇവർ അന്വേഷിക്കുന്നില്ലെന്നും മൈത്രേയൻ പറഞ്ഞു.
‘ലോകം മുഴുവൻ കഞ്ചാവ് നിയമവിധേയമാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇവിടെ പത്തും പതിനഞ്ചും വർഷം ആളുകളെ ജയിലിലിട്ടിരിക്കുന്നത്, മോട്ടോർ സൈക്കിൾ പോലെ അപകടകരമായ ഒരു സാധനം ഇതുവരെ മനുഷ്യൻ കണ്ടുപിടിച്ചിട്ടില്ല. അതുപയോഗിക്കുമ്പോ അധികമാൾക്കാർക്കും അംഗവൈകല്യമുണ്ടാവുകയും മരിക്കുകയും ചെയ്യാറുണ്ട്. എന്നിട്ടും ആ മോട്ടർ സൈക്കിൾ ഓടിക്കാനാണ് നമ്മൾ പഠിപ്പിക്കുന്നത്. നിയന്ത്രിതമായ സ്പീ ഡിൽ ഓടിക്കണമെന്നാണ് പറയുന്നത്. ലോകത്തിലെ ഏത് വസ്തുവും മനുഷ്യന് ഉപയോഗിക്കാൻ പറ്റും, നിയന്ത്രിതമായി ഉപയോഗിക്കുമ്പോഴാണ് അത് സാധിക്കുന്നത്,” മൈത്രേയൻ പറഞ്ഞു.