ജറുസലേമിന് സമീപത്തെ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള കഠിനപരിശ്രമം തുടർന്ന് ഇസ്രായേൽ അഗ്നിശമന സേന. ബുധനാഴ്‌ച ഉച്ചക്ക് ഉണ്ടായ തീപിടിത്തം രണ്ടാം ദിവസവും പൂർണമായി നിയന്ത്രിക്കാനായിട്ടില്ല. തീപിടിത്തത്തെ തുടർന്ന് അടച്ച പ്രധാന റോഡുകളിൽ ചിലത് തുറന്നതായും മാറ്റി പാർപ്പിച്ചവർക്ക് തിരികെയെത്താൻ അനുമതി നൽകിയതായും പൊലീസ് റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യത്ത് കാട്ടുതീ പടരുന്ന സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ കാറ്റിൽ തീ കൂടുതൽ ഭാഗത്തേക്ക് പടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ജറുസലേമിനെ സംരക്ഷിക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നതെന്നും വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു. ജറുസലേമിന് സമീപം മനപൂർവ്വം തീയിട്ടതായി സംശയിക്കുന്ന 18 പേരെ അറസ്റ്റ് ചെയ്‌തതായും നെതന്യാഹു വെളിപ്പെടുത്തി.