അനധികൃ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിന് എതിരെ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിബിഐ അന്വേഷണം കെ.എം എബ്രഹാമിന് എതിരെ നടത്താനുള്ള ഹൈക്കോടതിയുടെ ഉത്തരവ് രണ്ടാഴ്‌ചയ്ക്ക് മുൻപാണ് വന്നത്. അതിനുശേഷം കേസ് മുൻപ് അന്വേഷിച്ചിരുന്ന വിജിലൻസ്, അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കോടതിയുടെ ഉത്തരവ് വിജിലൻസ് പാലിച്ചില്ല.

കൊച്ചിയിലെ സിബിഐ എസ്‌പി വിജിലൻസ് ഡയറക്‌ടർക്ക് പലതവണ രേഖകൾ കൈമാറുന്നത് സംബന്ധിച്ച് കത്തുനൽകിയിരുന്നു. വിജിലൻസ് വെള്ളിയാഴ്ച വരെയും കത്തിന് മറുപടി നൽകിയില്ല. തുടർന്ന് കൊച്ചിയിലെ സിബിഐ ഓഫീസിൽ കേസിലെ പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കലിനെ വിളിച്ചുവരുത്തി ഒരു പരാതി സിബിഐ എഴുതിവാങ്ങി. പിന്നീടാണ് സിബിഐ ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരത്തെ സിബിഐ കോടതിയിൽ ശനിയാഴ്‌ച ഉച്ചയോടെ കേസിൻ്റെ എഫ്ഐആർ സിബിഐ സംഘം സമർപ്പിക്കും.

ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ 2015-ൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലാണ് ഹർജി നൽകിയത്. മുംബൈയിലും തിരുവനന്തപുരത്തും കെ.എം. എബ്രഹാമിന് യഥാക്രമം മൂന്നും ഒന്നും കോടി രൂപ മൂല്യമുള്ള ഫ്ലാറ്റുകളും കൊല്ലത്ത് എട്ട് കോടി രൂപ മൂല്യമുള്ള ഷോപ്പിങ് മാളും ഉണ്ട്.

വർഷംതോറും സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റച്ചട്ടപ്രകാരം ചീഫ് സെക്രട്ടറിക്ക് നൽകേണ്ട സാമ്പത്തിക ആസ്‌തി സംബന്ധിച്ച സ്റ്റേറ്റ്‌മെൻ്റ് നൽകിയിട്ടില്ല. മകളുടെയും ഭാര്യയുടെയും പേരിലും വലിയ സമ്പാദ്യം ഉണ്ട്. ഇതിൻ്റെയൊന്നും ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം.

Related Posts