കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിലൂടെ രാജ്യത്തിൻ്റെ സമാധാനത്തിന് ഭംഗം വന്നിരിക്കുന്നുവെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അക്രമം ആവർത്തിക്കാതിരിക്കാൻ കേന്ദ്രം കശ്മീരി ജനതക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണമെന്നും ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരിൽ കുരുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം.
ഭീകരവാദവും മതവും തമ്മിൽ ഒരു ബന്ധവുമില്ല. ഭീകരവാദത്തെ മതങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. അക്രമകാരികളുടെ മതം അക്രമത്തിന്റേത് മാത്രമാണ്. യഥാർത്ഥ മതങ്ങളുമായി അതിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മനോഹരമായ മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന സ്ഥലമായ ബൈസരൻവാലി സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2:30 ഓടെ ഭീകരർ വെടിയുതിർത്തത്.