ജമ്മുകശ്മീരിലെ പഹൽഗാമിലാണ് സംഭവം. വിനോദസഞ്ചാരികൾ താമസിച്ചിരുന്ന റിസോർട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. വെടിവെയ്പ്പിൽ ട്രെക്കിങ്ങിനെത്തിയ 7 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. സുരക്ഷാ സേന സംഭവസ്ഥലത്ത് എത്തി തിരച്ചിൽ തുടങ്ങി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. പരിക്കേറ്റവരില്‍ മൂന്നുപേർ പ്രദേശവാസികളാണ്. മറ്റുള്ളവർ വിനോദസഞ്ചാരികളാണ്. പഹൽഗമാമിലെ ബെയ്സരൺ താഴ്വരയിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മുകശ്മീർ പോലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തിൽ എത്തിപ്പെടാൻ സാധിക്കില്ല.
കുതിരകളെ കാൽനടയായോ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്കരമായ പാതയാണ് ഇവിടേക്കുള്ളത്. ആക്രമണത്തിന് പിന്നിൽ ഭീകരവാദികളാകാമെന്ന് സംശയിക്കുന്നു. ജമ്മുകശ്മീരിലേക്ക് സമീപകാലത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ആക്രമണം നടക്കുന്നത്.