തിരുവനന്തപുരം അമ്പലമുക്ക് വിനീത വധക്കേസിൽ ശിക്ഷാ പ്രഖ്യാപിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമാണ് കേസെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അമ്പലമുക്കിൽ അലങ്കാര ചെടി വിൽപ്പന ശാലയിലെ ജീവനക്കാരിയായിരുന്ന വിനീത 2022 ഫെബ്രുവരി 6 നാണ് കഴുത്തറത്ത് കൊലചെയ്യപ്പെട്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗർ സ്വദേശി രാജേന്ദ്രൻ പിടിയിലായത്. മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട്ടിലെ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ രാജേന്ദ്രൻ പേരൂർക്കടയിലെ ചായക്കടയിൽ ജോലി ചെയ്യുമ്പോഴാണ് വിനീതയെ കൊലപ്പെടുത്തിയത്.

വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലര പവൻ്റെ സ്വർണമാലയ്ക്കു വേണ്ടിയായിരുന്നു ഈ ക്രൂരകൃത്യം നടത്തിയത്. കടയിലെത്തിയ രാജേന്ദ്രൻ ചെടി വാങ്ങാൻ എന്ന വ്യാജേന ചെടികൾ കാണിച്ചു കൊടുത്ത വിനീതയെ പിന്നിൽ നിന്ന് പിടിച്ച് കഴുത്തിൽ കുത്തി കുത്തിയിറക്കുകയായിരുന്നു. തുടർന്ന് തമിഴ്‌നാട്ടിലെ കാവൽ കിണറിന് സമീപത്തെ ലോഡ്‌ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഫെബ്രുവരി 11ന് പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിൻ്റെ അന്തിമ വാദം ഈ മാസം 2 ന് പൂർത്തിയായിരുന്നു. 96 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

Related Posts