കാനഡയിലെ ഒൻ്റേറിയോ ഹാമിൽട്ടണിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ (22) ആണ് കൊല്ലപ്പെട്ടത്. രണ്ടു വാഹനങ്ങളിലായെത്തിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഹർസിമ്രത്തിനു വെടിയേൽക്കുകയായിരുന്നു. ഹർസിമ്രത് മൊഹാക് കോളജിലെ വിദ്യാർഥിനിയാണ്. നെഞ്ചിൽ വെടിയേറ്റ നിലയിലാണ് പൊലീസ് ഹർസിമ്രത്തിനെ കണ്ടെത്തിയത്.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെളുത്ത കാറിൽ സഞ്ചരിച്ചിരുന്നവർക്ക് നേരെ ഒരു കറുത്ത കാറിലെ യാത്രക്കാരൻ വെടിയുതിർത്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വെടിവയ്പ്പിനു തൊട്ടുപിന്നാലെ വാഹനങ്ങൾ സ്ഥലം വിട്ടു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഹർസിമ്രത്തിൻ്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.