വിദ്യാർഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. ആദ്യഘട്ടത്തിൽ എൽ.പി സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ബാഗുകളുടെ ഭാരം വിദ്യാർഥികളുടെ ശരീരഭാരത്തിൻ്റെ പത്ത് ശതമാനത്തിൽ താഴെയായി പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം. അടുത്ത അധ്യയന വർഷം മുതൽ പുതിയ പരിഷ്കാരം നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ആലോചന.

പുതിയ ക്രമീകരണത്തിൻ്റെ ഭാഗമായി കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളുകളിൽ തന്നെ ലഭ്യമാക്കും. ഇതിലൂടെ വിദ്യാർഥികൾ വീട്ടിൽനിന്ന് കൂടുതൽ സാധനങ്ങൾ കൊണ്ടുവരേണ്ട സാഹചര്യം ഒഴിവാക്കാനാകും.

ഒരു ദിവസം പരമാവധി നാല് വിഷയങ്ങളുടെ ക്ലാസുകൾ മാത്രം ഉൾപ്പെടുത്തുന്ന രീതിയിലായിരിക്കും സമയക്രമം ക്രമീകരിക്കുക. കൂടാതെ, പാഠപുസ്തകങ്ങളുടെ രണ്ട് സെറ്റുകൾ തയ്യാറാക്കി ഒന്ന് വീട്ടിലും മറ്റൊന്ന് സ്കൂളിലും സൂക്ഷിക്കുന്ന സംവിധാനവും നടപ്പാക്കാൻ ആലോചനയുണ്ട്. ഇതോടെ ദിവസവും എല്ലാ പാഠപുസ്തകങ്ങളും സ്കൂളിലേക്ക് കൊണ്ടുപോകേണ്ട ബുദ്ധിമുട്ട് ഒഴിവാകും.

ഡിജിറ്റൽ പഠനസൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. സ്കൂൾ ബാഗുകളുടെ അമിതഭാരം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനൊപ്പം കുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമായ പഠനാന്തരീക്ഷം ഒരുക്കുകയാണ് പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.

Related Posts