പാലക്കാട് ജില്ലയിലെ കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 62-കാരി മരിച്ചു. പൊമ്പ്ര അമ്പലപ്പാടം കന്നിച്ചാലിൽ താമസിച്ചിരുന്ന മറിയയാണ് മരണത്തിന് കീഴടങ്ങിയത്.

മൂന്ന് ദിവസം മുമ്പ് പനിയെ തുടർന്ന് എലുമ്പുലാശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്ന മറിയയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായില്ല. തുടർന്ന് വെള്ളിയാഴ്ച വീണ്ടും നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

രോഗം ഗുരുതരമായതോടെ മറിയയെ വമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി വെന്റിലേറ്റർ സഹായത്തോടെ ചികിത്സ നൽകി വരികയായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെ മരണം സംഭവിച്ചു.

സംസ്ഥാനത്ത് മഴക്കാലം ശക്തമായ സാഹചര്യത്തിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കൊതുക് നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പരിസര ശുചിത്വം ഉറപ്പാക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Related Posts