വനിതാ ജില്ലാ കളക്ടർക്കെതിരെ മോശം പെരുമാറ്റവും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമുള്ള ആരോപണം നേരിടുന്ന തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ അരുൾ വിഘ്നേഷിനെതിരായ വിവാദം പുതിയ വഴിത്തിരിവിലേക്ക്. കള്ളക്കുറിച്ചി ജില്ലാ കളക്ടർ എംഎൽഎയ്‌ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് രേഖാമൂലം പരാതി നൽകിയതായാണ് പുറത്തുവരുന്ന വിവരം. തിങ്കളാഴ്ച ഉച്ചയോടെയാണ് പരാതി നൽകിയതെന്നാണ് റിപ്പോർട്ടുകൾ.

സംഭവം ടിവികെ സർക്കാരിനും രാഷ്ട്രീയമായി വലിയ തിരിച്ചടിയായിരിക്കുകയാണ്. എംഎൽഎയ്‌ക്കെതിരെ കളക്ടർ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെ പരാതി നൽകിയെന്ന വാർത്തകൾ പുറത്തുവന്നത് കേസിൽ നിർണായകമായിരിക്കുകയാണ്.

കള്ളക്കുറിച്ചി എംഎൽഎയായ അരുൾ വിഘ്നേഷ് കളക്ടറുടെ ഔദ്യോഗിക വസതിയിലെത്തി മോശം ഉദ്ദേശ്യത്തോടെ സമീപിച്ചെന്നും തുടർന്ന് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണ് ആരോപണം. ഡിഎംകെ നേതാവ് കനിമൊഴിയാണ് ഈ വിഷയം പരസ്യമായി ഉന്നയിച്ചത്. എന്നാൽ എംഎൽഎയും ടിവികെ നേതൃത്വവും മന്ത്രിമാരും ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

Related Posts