പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് തൃശൂർ സെഷൻസ് കോടതി. 50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. 2022ൽ തൃശൂരിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് വിധി.
തൃശൂരിലെ അയ്യന്തോൾ എസ്.എൻ. പാർക്കിന് സമീപം 14, 9 വയസ്സുള്ള കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. പാർക്കിന് സമീപമെത്തിയ കറുത്ത കാറിൽനിന്ന് ഇറങ്ങിയ ഒരാൾ തങ്ങൾക്കു മുന്നിൽ അശ്ലീലമായ രീതിയിൽ പെരുമാറിയെന്നായിരുന്നു കുട്ടികളുടെ മൊഴി.
സംഭവത്തെക്കുറിച്ച് കുട്ടികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കറുത്ത കാറിലെത്തിയ ആളെക്കുറിച്ച് സൂചന ലഭിച്ചു. ഇയാളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. തുടർന്ന് വാഹനത്തിൻ്റെ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ പൊലീസ് പിടികൂടിയത്.
കേസിൽ അറസ്റ്റിലായ ശ്രീജിത്ത് രവി പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട നിയമവകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സമാനമായ മറ്റൊരു കേസിൽ നേരത്തെയും ശ്രീജിത്ത് രവിയെ പാലക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2022ൽ നടന്ന സംഭവത്തിൽ നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.