കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്‌ണൻ ഈ വർഷത്തെ പത്മപ്രഭാ സാഹിത്യപുരസ്‌കാരത്തിന് അർഹനായി. എഴുപത്തയ്യായിരം രൂപയും പ്രശംസാപത്രവും പത്മരാഗക്കല്ലു പതിച്ച ശിൽപവും അടങ്ങുന്നതാണ് പത്മപ്രഭാ പുരസ്കാരം കവി വി. മധുസൂദനൻ നായർ അധ്യക്ഷനും നിരൂപകൻ സുനിൽ പി. ഇളയിടം, നോവലിസ്റ്റ് ആർ. രാജശ്രീ എന്നിവർ അംഗങ്ങളുമായ പുരസ്കാര നിർണയസമിതിയാണ് ലീലാകൃഷ്‌ണനെ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്തതെന്ന് പത്മപ്രഭാ സ്‌മാരകട്രസ്റ്റിൻ്റെ ചെയർമാനും മാതൃഭൂമി മാനേജിങ് ഡയറക്‌ടറുമായ എം.വി. ശ്രേയാംസ്‌കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ആധുനിക വയനാടിൻ്റെ ശിൽപി എന്നറിയപ്പെടുന്ന പത്മപ്രഭാഗൗഡരുടെ സ്മരണയ്ക്കായി മകൻ എം.പി. വീരേന്ദ്രകുമാർ ഏർപ്പെടുത്തിയ സാഹിത്യ സമ്മാനമാണിത്. സുഗതകുമാരി പത്രാധിപരായിരിക്കേ തളിർ മാസികയിൽ തൻ്റെ പതിനൊന്നാം വയസ്സിൽ കവിത പ്രസിദ്ധീകരിച്ചുകൊണ്ടാണ് ആലങ്കോട് ലീലാകൃഷ്ണൻ കാവ്യലോകത്ത് പ്രവേശിച്ചത്. എഴുത്തിൽ അരനൂറ്റാണ്ടിൻ്റെ വിപുലമായ അനുഭവപരിചയങ്ങളുള്ള ഈ കവി തിരക്കഥാകൃത്തായും പ്രഭാഷകനായും സാംസ്കാരിക പ്രവർത്തകനായും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ആലങ്കോടിൻ്റെ കവിതകൾ, നിലാസാധകം തുടങ്ങിയ കവിതാ സമാഹാരങ്ങൾ കൂടാതെ പിയുടെ പ്രണയപാപങ്ങൾ, നിളയുടെ തീരങ്ങളിലൂടെ, മനുഷ്യനെ തൊടുന്ന വാക്ക്, സഞ്ചാരിയുടെ വഴിയമ്പലങ്ങൾ മനുഷ്യൻ സുന്ദരനാണ്, തുടങ്ങിയ പഠനഗ്രന്ഥങ്ങളും ലീലാകൃഷ് ണന്റേതായുണ്ട്. പൊന്നാനിയിലെ ആലങ്കോട് ഗ്രാമത്തിൽ ബാലകൃഷ്ണൻ നമ്പ്യാരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ജനിച്ച ഇദ്ദേഹം സൗത്ത് മലബാർ ഗ്രാമീണബാങ്കിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു.

Related Posts