ബെംഗളൂരു: അറിവിനൊപ്പം ആനന്ദവും സർഗാത്മകതയും പകർന്ന മലയാളം മിഷൻ പഠനോത്സവം വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. കഥകളും കവിതകളും നാടൻപാട്ടുകളും കളിചിരികളും പരീക്ഷയുമെല്ലാം ചേർന്ന പഠനോത്സവത്തിൽ ബെംഗളൂരു, മൈസൂരു മേഖലകളിൽ നിന്നായി 355 കുട്ടികൾ പങ്കെടുത്തു.
കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിലെ പഠനോത്സവത്തോടൊപ്പം സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി കോഴ്സുകളിലേക്കുള്ള സമാന്തര പ്രവേശന പരീക്ഷയും സംഘടിപ്പിച്ചു. വിമാനപുരി സ്കൂളിൽ നടന്ന ബെംഗളൂരു മേഖലാ പഠനോത്സവം എഴുത്തുകാരൻ സുധാകരൻ രാമന്തളിയും കേരളസമാജം പ്രസിഡണ്ട് എം. ഹനീഫും ചേർന്ന് ഉദ്ഘാടനം ചെയ്തു.
മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. കൈരളി കലാസമിതി ബോർഡ് അംഗം രാജശേഖരൻ, മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാലൻ, മലയാളം മിഷൻ ജനറൽ സെക്രട്ടറി അഡ്വ. ബുഷ്റ വളപ്പിൽ, സെൻട്രൽ സോൺ കോഓർഡിനേറ്റർ നൂർ മുഹമ്മദ്, അക്കാദമിക് കോഓർഡിനേറ്റർ മീരാ നാരായണൻ, പി. ഗോപകുമാർ എന്നിവർ പങ്കെടുത്തു.
നീലക്കുറിഞ്ഞി പരീക്ഷയിൽ വിജയിച്ചവർക്കും സുഗതാഞ്ജലി മത്സരവിജയികൾക്കും ബാലശാസ്ത്ര പരീക്ഷയിൽ വിജയിച്ചവർക്കുമുള്ള സർട്ടിഫിക്കറ്റുകൾ ചാപ്റ്റർ കൺവീനർ ടോമി ജെ. ആലുങ്കൽ, ത്രേസ്യാമ്മ ടീച്ചർ, മാർട്ടിൻ എന്നിവർ വിതരണം ചെയ്തു.
വിവിധ പഠനകേന്ദ്രങ്ങളിലെ കുട്ടികളും അമ്മമാരും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. കഥകളും കവിതകളും നാടൻപാട്ടുകളും ഉൾപ്പെടുത്തി മൂന്ന് മണിക്കൂർ നീണ്ടുനിന്നതായിരുന്നു പഠനോത്സവത്തിലെ പരീക്ഷ. പരമ്പരാഗത പരീക്ഷാരീതിയിൽനിന്ന് വ്യത്യസ്തമായി പഠനവും സർഗാത്മകതയും വിനോദവും സമന്വയിപ്പിച്ച പരിപാടി കുട്ടികൾക്ക് ഏറെ ആവേശം പകർന്നു.
മലയാളഭാഷയോടുള്ള സ്നേഹവും താൽപര്യവും വളർത്തുന്നതിനൊപ്പം പ്രവാസി കുട്ടികൾക്ക് മാതൃഭാഷയുമായി കൂടുതൽ അടുക്കാനുള്ള അവസരവും പഠനോത്സവം ഒരുക്കി.