നാദാപുരം വരിക്കോളിയിൽ വിവാഹച്ചടങ്ങിനിടെയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. വരനൊപ്പം എത്തിയ സുഹൃത്തുക്കൾ പടക്കം പൊട്ടിക്കുകയും ബാൻഡ് മേളം നടത്തുകയും ചെയ്തതിനെ വധുവിൻ്റെ വീട്ടുകാരും നാട്ടുകാരും ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്.

വരനും സുഹൃത്തുക്കളും ബന്ധുക്കളും വധുവിൻ്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. വിവാഹവീടിന് സമീപത്തുള്ള മറ്റൊരു വീട്ടിൽ മരണം നടന്നിരുന്നതിനാൽ ആഘോഷത്തിൻ്റെ ഭാഗമായി പടക്കം പൊട്ടിക്കരുതെന്ന് നാട്ടുകാർ വരൻ്റെ സംഘത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാട്ടുകാരുടെ നിർദേശം അവഗണിച്ച് വരൻ്റെ സുഹൃത്തുക്കൾ പടക്കം പൊട്ടിക്കുകയും ബാൻഡ് മേളം നടത്തുകയും ചെയ്തതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം പിന്നീട് സംഘർഷത്തിലേക്കും കൂട്ടത്തല്ലിലേക്കും നീങ്ങുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ട് ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം സംഘർഷാവസ്ഥ നിലനിന്നു.

Related Posts