തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ നവംബർ 29 ഞായറാഴ്ച നടക്കും. ന്യൂ തിപ്പസാന്ദ്രയിലെ ഹോളിക്രോസ് സ്കൂളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
‘വാർദ്ധക്യം: വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ സെമിനാർ. വാർദ്ധക്യകാല ജീവിതത്തിലെ വിവിധ വെല്ലുവിളികൾ, മുതിർന്നവർ നേരിടുന്ന സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങൾ, അവരുടെ സംരക്ഷണം, ആരോഗ്യവും മാനസിക സന്തോഷവും ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ ചർച്ചയുടെ ഭാഗമാകും.
തങ്കച്ചൻ പന്തളം മുഖ്യപ്രഭാഷണം നടത്തും. മുഹമ്മദ് കുനിങ്ങാട് ചർച്ച ഉദ്ഘാടനം ചെയ്യും. ബെംഗളൂരുവിലെ സാമൂഹിക, സാംസ്കാരിക, സംഘടനാ രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുക്കും. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും തുറന്ന ചർച്ചകൾക്ക് വേദിയൊരുക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് പ്രതിമാസ സെമിനാർ സംഘടിപ്പിക്കുന്നത്.