മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ ഉത്സവപ്പറമ്പിൽനിന്ന് ചൗമീൻ കഴിച്ച 130 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കിർണാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹിരി ഗ്രാമത്തിൽ നടന്ന ഉത്സവത്തിനിടെയാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 118 കുട്ടികളും 12 മുതിർന്നവരും ഉൾപ്പെടുന്നു.

നൂഡിൽസ് കഴിച്ചതിന് പിന്നാലെ കുട്ടികൾക്കും മുതിർന്നവർക്കും കടുത്ത വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നുവെന്ന് ജില്ലാ കളക്ടർ ആദിത്യ സിംഗ് അറിയിച്ചു. തുടർന്ന് 118 കുട്ടികളെ കിർണാപൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആരോഗ്യനില മെച്ചപ്പെട്ട 73 കുട്ടികളെ പിന്നീട് ആശുപത്രിയിൽനിന്ന് വിട്ടയച്ചു.

തുടർചികിത്സ ആവശ്യമായിരുന്ന 45 കുട്ടികളെയും ഭക്ഷ്യവിഷബാധയേറ്റ 12 മുതിർന്നവരെയും ബാലാഘട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. ശത്രുഘ്‌നൻ സിംഗ് ദഹിയ വ്യക്തമാക്കി.

Related Posts