എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സിബിഐ അന്വേഷണത്തിന് നിയമപരമായ തടസ്സങ്ങളുണ്ടാകാമെന്ന് ചൂണ്ടിക്കാട്ടി ഡിജിപിയും അഡ്വക്കറ്റ് ജനറലും സർക്കാരിന് നിയമോപദേശം നൽകിയതായാണ് റിപ്പോർട്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളിയ കാര്യം നിയമോപദേശത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സിബിഐ അന്വേഷണത്തിന് പകരം പുതിയ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കുന്നതാണ് ഉചിതമെന്നും നിയമോപദേശത്തിൽ നിർദേശിക്കുന്നതായാണ് വിവരം. ഇതോടെ നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ സർക്കാരിന്റെ അന്തിമ തീരുമാനം നീളാനാണ് സാധ്യത. ജൂൺ നാലിനാണ് കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചിരുന്നത്.
2024 ഒക്ടോബർ 14ന് കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. സ്ഥലംമാറ്റം ലഭിച്ച എഡിഎം നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ക്ഷണിക്കാതെയെത്തി പരസ്യമായി വിമർശനം ഉന്നയിച്ചു. പെട്രോൾ പമ്പിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളും അവർ ചടങ്ങിൽ ഉന്നയിച്ചിരുന്നു.
യാത്രയയപ്പ് യോഗത്തിലെ പരസ്യമായ അധിക്ഷേപത്തിന് പിന്നാലെയാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ചടങ്ങിൽ ലഭിച്ച ഉപഹാരങ്ങൾ പോലും സ്വീകരിക്കാതെയാണ് അദ്ദേഹം കലക്ടറേറ്റിൽനിന്ന് മടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
അന്ന് രാത്രി 8.55നുള്ള മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് പോകാനായിരുന്നു നവീൻ ബാബു ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കൾ ട്രെയിനിൽ അദ്ദേഹത്തെ കാണാതായതിനെ തുടർന്ന് കണ്ണൂരിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എഡിഎമ്മിൻ്റെ ഡ്രൈവർ പള്ളിക്കുന്നിലെ താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി.പി. ദിവ്യ മാത്രമാണ് നിലവിൽ പ്രതി. അന്വേഷണത്തിനൊടുവിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
കേസിൻ്റെ അന്വേഷണത്തിൽ സിബിഐ ഇടപെടണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. എന്നാൽ സുപ്രീംകോടതി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ എസ്ഐടി രൂപീകരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്.
നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ പൂർണമായി പുറത്തുകൊണ്ടുവരണമെന്നും നീതി ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സർക്കാരിന്റെ അടുത്ത തീരുമാനം നിർണായകമാകും.