മണ്ഡല–മകരവിളക്ക് തീർഥാടന കാലത്ത് ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തരുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി കേരള–കർണാടക റൂട്ടിൽ പ്രത്യേക കെഎസ്ആർടിസി ബസ് സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക–കേരള ട്രാവലേഴ്സ് ഫോറം കേരള ഗതാഗത മന്ത്രി സി.പി. ജോണിന് നിവേദനം നൽകി.
ശബരിമല തീർഥാടന കാലത്ത് ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മലയാളികളും അയ്യപ്പഭക്തരും വലിയ തോതിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്നുണ്ട്. നിലവിലുള്ള ബസ് സർവീസുകളിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ തീർഥാടകരുടെ യാത്രാക്ലേശം ഒഴിവാക്കാൻ അധിക സർവീസുകൾ ആരംഭിക്കണമെന്നാണ് ഫോറത്തിൻ്റെ പ്രധാന ആവശ്യം.
ബെംഗളൂരുവിൽനിന്ന് പമ്പ, എരുമേലി, കോട്ടയം, പത്തനംതിട്ട തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഭക്തർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സർവീസുകൾ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. തീർഥാടനത്തിൻ്റെ തിരക്കേറിയ ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് കൂടുതൽ ബസുകൾ അനുവദിക്കുകയും യാത്രാ സമയക്രമം മുൻകൂട്ടി പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഭക്തർക്ക് ഏറെ സഹായകരമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ബെംഗളൂരുവിലെ ജാലഹള്ളി ശ്രീ അയ്യപ്പൻ ക്ഷേത്രത്തിന് പിൻവശത്തുള്ള ബസവേശ്വര ബസ് സ്റ്റാൻഡിൽ (പീനിയ) നിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസ് അനുവദിക്കണമെന്നാണ് പ്രധാന നിർദേശം. മുൻപ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരളത്തിൻ്റെ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഇതേ സ്റ്റാൻഡിൽനിന്ന് മണ്ഡല–മകരവിളക്ക് കാലത്ത് പമ്പയിലേക്കും തിരിച്ചും പ്രത്യേക ബസ് സർവീസ് നടത്തിയിരുന്നതായും ഫോറം ചൂണ്ടിക്കാട്ടി.
അവധിദിവസങ്ങളിലും വാരാന്ത്യങ്ങളിലും ടിക്കറ്റ് ലഭിക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ഓൺലൈൻ ബുക്കിങ് സൗകര്യം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു. തീർഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിയോട് അഭ്യർഥിച്ചു.
കർണാടക–കേരള ട്രാവലേഴ്സ് ഫോറം ജനറൽ കൺവീനറും കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് പ്രസിഡണ്ടുമായ ആർ.മുരളീധറിൻ്റെ നേതൃത്വത്തിലാണ് നിവേദനസംഘം മന്ത്രിയെ കണ്ടത്. സമാജം വൈസ് പ്രസിഡണ്ട് മാത്തൂക്കുട്ടി ചെറിയാൻ, സെക്രട്ടറി അജിത് കുമാർ നായർ, കൺവീനർ അശോക് എം. എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മണ്ഡല–മകരവിളക്ക് കാലത്ത് കർണാടകയിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ ബസ് സർവീസുകൾ അനുവദിക്കുന്നതിന് സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫോറം ഭാരവാഹികൾ.