നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പുതുക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് സുവർണ്ണ കർണാടക കേരള സമാജം ചിക്കബാനവാര–അബ്ബിഗെരെ സോണിൻ്റെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
ഒക്ടോബർ 30ന് ഇൻഷുറൻസ് കാലാവധി അവസാനിക്കാനിരിക്കെ, പുതുക്കൽ നടപടികളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളിൽനിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തത് പ്രവാസി മലയാളികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയിൽ നിരവധി പ്രവാസി കുടുംബങ്ങളും വ്യക്തികളും അംഗങ്ങളായിട്ടുണ്ട്.
സാധാരണഗതിയിൽ ഇൻഷുറൻസ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതുക്കൽ നടപടികൾ ആരംഭിക്കേണ്ടതാണെങ്കിലും, കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും അതിനുള്ള അവസരം ലഭിക്കാത്തത് ആശങ്ക വർധിപ്പിക്കുന്നു. നിലവിലുള്ള ഇൻഷുറൻസ് ഒഴിവാക്കി നോർക്ക കെയർ പദ്ധതിയിൽ ചേർന്നവർ, വയോജനങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ കാരണം ഉടൻ ആശുപത്രി ചികിത്സയ്ക്ക് വിധേയരാകേണ്ടവർ എന്നിവരാണ് ഇതുമൂലം കൂടുതൽ പ്രതിസന്ധിയിലായത്. നിലവിലെ ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടുന്നത് വയോജനങ്ങൾക്കും ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും വലിയ പ്രതിസന്ധിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
പുതിയ ഇൻഷുറൻസിലേക്ക് മാറുമ്പോൾ നിലവിലുള്ള രോഗങ്ങൾക്കുള്ള പരിരക്ഷയും ക്ലെയിം നടപടികളുമായി ബന്ധപ്പെട്ട നിബന്ധനകളും പ്രവാസികൾക്ക് വെല്ലുവിളിയാകാം. നോർക്ക കെയർ പദ്ധതിയുടെ പുതുക്കൽ നടപടികൾ ഉടൻ ആരംഭിച്ച് പ്രവാസികൾക്ക് വ്യക്തമായ മറുപടി നൽകണമെന്നാണ് പ്രധാന ആവശ്യം. ഇതിനായി ബെംഗളൂരുവിലെ മലയാളി സംഘടനകളും സാമൂഹിക പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടവരും ഒരുമിച്ച് മുന്നോട്ടുവരണമെന്ന് സുവർണ്ണ കർണാടക കേരള സമാജം ചിക്കബാനവാര–അബ്ബിഗെരെ സോൺ ചെയർമാൻ വിജേഷ് ബാലകൃഷ്ണൻ അഭ്യർഥിച്ചു.