കർണാടക നിയമസഭാ മന്ദിരമായ വിധാൻ സൗധ ബോംബ് സ്ഫോടനത്തിൽ തകരുന്നതായി ചിത്രീകരിച്ച വ്യാജ എഐ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ബിഹാർ സ്വദേശിയും ബെംഗളൂരുവിൽ പൈപ്പ് ഫിറ്ററായി ജോലി ചെയ്തുവരികയുമായ ഹസ്രത്ത് അലി (25) ആണ് പിടിയിലായത്.

വിധാൻ സൗധയ്ക്കു മുന്നിൽ നിൽക്കുന്ന ഒരാൾ കെട്ടിടത്തിനു നേരെ വിരൽ ചൂണ്ടുന്നതും പിന്നാലെ വൻ സ്ഫോടനത്തോടെ കെട്ടിടം തകരുന്നതുമാണ് വീഡിയോയിലുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

സംഭവത്തിൽ വിധാൻ സൗധ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട ഐപി വിലാസവും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.

വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ പ്രശസ്തി നേടാനുള്ള ശ്രമമാണോ അതോ പൊതുജനങ്ങളിൽ ഭീതി സൃഷ്ടിക്കുകയാണോ ലക്ഷ്യമെന്നും മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങളുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Posts