ശൈത്യകാലം ശക്തമായതോടെ മൂന്നാറിൽ താപനില കുത്തനെ താഴ്ന്നു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ രണ്ട് ഡിഗ്രി സെൽഷ്യസ് ഇന്നലെ ചെണ്ടുവരയിൽ രേഖപ്പെടുത്തി. മൂന്നാർ മേഖലയിൽ തണുപ്പ് ശക്തമാകുന്നതോടെ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ശൈത്യത്തിൻ്റെ കാഠിന്യം അനുഭവപ്പെടുകയാണ്.
ഇന്നലെ രാവിലെ മൂന്നാർ ടൗൺ, ദേവികുളം, സെവൻമല എന്നിവിടങ്ങളിൽ ഏഴ് ഡിഗ്രി സെൽഷ്യസായിരുന്നു താപനില. നല്ലതണ്ണി, മാട്ടുപ്പെട്ടി മേഖലകളിൽ ആറ് ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഒരാഴ്ച മുമ്പ് മൂന്നാറിൽ താപനില ആറ് ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും താപനില കുറഞ്ഞതോടെ മേഖലയിൽ ശൈത്യം കൂടുതൽ ശക്തമായിരിക്കുകയാണ്.
രാത്രിയിലും പുലർച്ചെയുമാണ് തണുപ്പ് ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്. താപനില താഴ്ന്നതോടെ വിവിധ പ്രദേശങ്ങളിൽ വൈകുന്നേരങ്ങളിലും പുലർച്ചെയും കോടമഞ്ഞും ശക്തമായിട്ടുണ്ട്. അതേസമയം രാത്രികാലങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെടുമ്പോഴും പകൽ സമയത്തെ താപനില 24 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ്. പകൽ ചൂടും രാത്രിയിലെ കടുത്ത തണുപ്പും കലർന്ന കാലാവസ്ഥയാണ് നിലവിൽ മൂന്നാറിൽ അനുഭവപ്പെടുന്നത്.