തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ് ടിവികെ എംഎൽഎ വി.എസ്. ബാബുവിൻ്റെ മരണം. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെടുത്തി ശ്രദ്ധേയമായ രാഷ്ട്രീയ വിജയം നേടിയ ബാബുവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പൊലീസിൽ പരാതി ലഭിച്ചു. മരണത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ മെഡിക്കൽ രേഖകളും സംരക്ഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
75 വയസ്സുകാരനായ വി.എസ്. ബാബുവിനെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സെപ്റ്റംബർ 9നാണ് ചെന്നൈയിലെ എം.ജി.എം. ഹെൽത്ത്കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് നവംബർ 19ന് ഉച്ചയ്ക്ക് 2.24ന് ഹൃദയാഘാതം സംഭവിച്ചാണ് മരണമെന്ന് ആശുപത്രി അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
കൊളത്തൂർ മണ്ഡലത്തിലെ ജി. ദേവരാജനാണ് ബാബുവിൻ്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പൊലീസിൽ ഓൺലൈനായി പരാതി നൽകിയത്. എംഎൽഎയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് നേരത്തേ അദ്ദേഹം മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. നവംബർ 5, 12 തീയതികളിൽ ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് നിവേദനങ്ങൾ നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ മരണം സംഭവിക്കുന്നതുവരെയുള്ള ചികിത്സാ രേഖകൾ, പരിശോധനാ ഫലങ്ങൾ, മറ്റ് മെഡിക്കൽ വിവരങ്ങൾ എന്നിവ നശിപ്പിക്കപ്പെടാതെ സുരക്ഷിതമായി സൂക്ഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും അന്വേഷിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.