ആറുമാസം മുൻപ് ട്രെയിൻ തട്ടി അച്ഛൻ മരിച്ച അതേ സ്ഥലത്ത് മകളെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരുപ്പൂരിലെ ശെമ്മാണ്ടംപാളയം സ്വദേശികളായ കാർത്തിക്–ജാനകി ദമ്പതികളുടെ ഏക മകൾ കെ. സാധനയാണ് (16) മരിച്ചത്. പ്ലസ് ടു വിദ്യാർഥിനിയായിരുന്നു.
അച്ഛൻ്റെ മരണശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്ന സാധന, ബുധനാഴ്ച വൈകിട്ടാണ് ദാരുണമായി മരിച്ചത്. ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന് മുന്നിലാണ് പെൺകുട്ടി എത്തിയതെന്നാണ് റിപ്പോർട്ട്.
സാധാരണയായി വീട്ടിൽനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് അച്ഛൻ കാർത്തിക്കായിരുന്നു സാധനയെ കൊണ്ടുപോയിരുന്നത്. യാത്രയ്ക്കിടെ റെയിൽവേ പാളം മുറിച്ചുകടക്കുമ്പോൾ മകൾ സുരക്ഷിതമായി മറുവശത്തെത്തിയെന്ന് ഉറപ്പാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയിരുന്നത്. എന്നാൽ ആറുമാസം മുൻപ് മകളെ സ്കൂളിൽ എത്തിച്ചശേഷം മടങ്ങുന്നതിനിടെ അതേ റെയിൽവേ പാളത്തിൽ ട്രെയിൻ തട്ടി കാർത്തിക് മരിക്കുകയായിരുന്നു.
അച്ഛൻ്റെ അപ്രതീക്ഷിത വിയോഗം സാധനയെ ഏറെ തളർത്തിയിരുന്നുവെന്നാണ് സഹപാഠികൾ പറയുന്നത്. സ്കൂളിലും കൂട്ടുകാർക്കിടയിലും അച്ഛനെക്കുറിച്ച് അവൾ പതിവായി സംസാരിക്കാറുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. അച്ഛൻ്റെ മരണശേഷം കുടുംബവും ബന്ധുക്കളും അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ആ വിയോഗത്തിൻ്റെ ആഘാതം അവളെ വിട്ടുമാറിയിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
സ്വകാര്യ സ്കൂളിൽ അധ്യാപികയാണ് സാധനയുടെ അമ്മ ജാനകി. ഏക മകളുടെ മരണത്തോടെ കുടുംബം വലിയ ദുരന്തത്തിലായിരിക്കുകയാണ്. ആറുമാസത്തിനിടെ ഒരേ കുടുംബത്തിലെ അച്ഛനും മകളും ഒരേ റെയിൽവേ പാളത്തിൽ ജീവൻ നഷ്ടപ്പെട്ട സംഭവം പ്രദേശവാസികളെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.