നോർക്ക കെയർ, നോർക്ക കെയർ പ്ലസ് സമഗ്ര അപകട-ആരോഗ്യ പരിരക്ഷാ ഇൻഷുറൻസ് പദ്ധതികളുടെ പ്രീമിയം നിരക്കുകൾ വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നും പഴയ നിരക്കുകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള സമാജം ദൂരവാണിനഗർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
നവംബർ 7ന് വിജിനപുര ജൂബിലി സ്കൂളിൽ ചേർന്ന സമാജത്തിൻ്റെ പ്രവർത്തക സമിതി യോഗം ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിവേദനം സമർപ്പിച്ചത്.
കുറഞ്ഞ പ്രീമിയം തുകയിൽ മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കിയ നോർക്ക കെയർ, നോർക്ക കെയർ പ്ലസ് പദ്ധതികൾ കേരളത്തിന് പുറത്തും വിദേശത്തും കഴിയുന്ന മലയാളികൾക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമായിരുന്നു. എന്നാൽ ഇപ്പോൾ പ്രായം മാനദണ്ഡമാക്കി ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ പലമടങ്ങ് വർധിപ്പിച്ചത് സാധാരണക്കാരായ മറുനാടൻ മലയാളികൾക്കും പ്രവാസികൾക്കും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണെന്ന് സമാജം ചൂണ്ടിക്കാട്ടി.
ഉയർന്ന പ്രീമിയം നിരക്കുകൾ കാരണം നിരവധി പേർക്ക് ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് വിട്ടുനിൽക്കേണ്ട സാഹചര്യമുണ്ടാകുമെന്നും നിവേദനത്തിൽ പറയുന്നു. പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾക്കും താങ്ങാനാകുന്ന നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും വർധിപ്പിച്ച പ്രീമിയം നിരക്കുകൾ പിൻവലിച്ച് പഴയ നിരക്കുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും സമാജം ആവശ്യപ്പെട്ടു.
നോർക്ക കെയർ പദ്ധതിയുടെ പ്രയോജനം കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നിവേദനത്തിലൂടെ അഭ്യർഥിച്ചു.