ദക്ഷിണ ബെംഗളൂരുവിലെ പദ്മനാഭനഗറിലുള്ള അപ്പാർട്ട്മെന്റിൽ ലിവ്-ഇൻ പങ്കാളിയുടെ 18 വയസ്സുകാരനായ മകനെ കത്തിയും ചുറ്റികയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയതായി സ്വകാര്യ ബാങ്ക് ജീവനക്കാരനെതിരെ പരാതി. യുവാവിൻ്റെ അമ്മയെയും കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഫ്ലാറ്റ് പൂട്ടി പ്രതി കടന്നുകളഞ്ഞതായാണ് പൊലീസ് പറയുന്നത്.
സ്വകാര്യ ബാങ്കിലെ ലോൺ വിഭാഗത്തിൽ ജോലി ചെയ്യുന്ന സുദീപ് ബി.എം. (45) ആണ് കേസിലെ പ്രതി. ഇയാളുടെ ലിവ്-ഇൻ പങ്കാളിയായ സീമ ദാസിൻ്റെ ആദ്യ വിവാഹത്തിലുള്ള മകൻ സോഹം ദാസ് (18) ആണ് കൊല്ലപ്പെട്ടത്. നവംബർ 16-ന് രാത്രി രാഘവേന്ദ്ര ലേഔട്ടിലെ എസ്.ആർ.ആർ.കെ തുളസി അപ്പാർട്ട്മെന്റിലുള്ള വാടക ഫ്ലാറ്റിലായിരുന്നു സംഭവം.
സുദീപ് കത്തിയും ചുറ്റികയും ഉപയോഗിച്ച് സോഹമിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. തുടർന്ന് സീമയെയും ആക്രമിച്ചു. മരിച്ചെന്ന് കരുതി ഇവരെ ഉപേക്ഷിച്ച ശേഷം ഫ്ലാറ്റ് പൂട്ടി പ്രതി രക്ഷപ്പെടുകയായിരുന്നു.
നവംബർ 16-ന് രാത്രി 9.30ഓടെ ഫ്ലാറ്റിൽ നിന്ന് വഴക്കിൻ്റെ ശബ്ദം കേട്ടതിനെ തുടർന്ന് അയൽവാസികൾ കെട്ടിട ഉടമയായ ബി.എം. മല്ലയ്യയെ വിവരമറിയിച്ചിരുന്നു. തിരക്കിലായിരുന്നതിനാൽ അദ്ദേഹം ഒരു മണിക്കൂറിന് ശേഷം സെക്യൂരിറ്റി ജീവനക്കാരനെ ബന്ധപ്പെട്ടു. അപ്പോഴേക്കും പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു ലഭിച്ച വിവരം. എന്നാൽ നവംബർ 19-ന് ഫ്ലാറ്റിലെത്തിയ മല്ലയ്യയ്ക്ക് അകത്തുനിന്ന് പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് ബനശങ്കരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രാത്രി 11 മണിയോടെ പൊലീസ് ഫ്ലാറ്റിൻ്റെ വാതിൽ തുറന്നു. അകത്ത് തറയിലും ചുമരിലും രക്തക്കറകൾ കണ്ടെത്തി.
തുടർന്ന് പൂട്ടിയിട്ടിരുന്ന മുറിക്കുള്ളിൽ നിന്ന് ഒരു സ്ത്രീയുടെ നിലവിളി കേട്ട പൊലീസ് വാതിൽ തകർത്തു. അകത്ത് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സീമ, നവംബർ 16-ന് സുദീപ് കത്തിയും ചുറ്റികയും ഉപയോഗിച്ച് തന്നെയും മകനെയും ആക്രമിച്ചതായി പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ബാത്ത്റൂമിൽ സോഹമിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ സുദീപിനെ പൊലീസ് പിന്നീട് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനും കൊലപാതകശ്രമത്തിനും ഭാരതീയ ന്യായ സംഹിതയിലെ (BNS) 103(1), 109(1) വകുപ്പുകൾ പ്രകാരം കേസെടുത്തു. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ആറുമാസമായി ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പരാതിപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. ആദ്യ ഭർത്താവുമായി വേർപിരിഞ്ഞ സീമ പിന്നീട് സുദീപിനൊപ്പം താമസം ആരംഭിക്കുകയായിരുന്നു. ഇരുവരും ആദ്യം മൈസൂരുവിലായിരുന്നു താമസിച്ചിരുന്നത്. 2024 ഒക്ടോബർ മുതൽ ബനശങ്കരിയിലെ ഫ്ലാറ്റിലാണ് കുടുംബം താമസിച്ചിരുന്നത്. സോഹമിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഗുരുതരാവസ്ഥയിലുള്ള സീമ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.