2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കോൺഗ്രസിൽ വൻ അഴിച്ചുപണി. വിവിധ സംസ്ഥാനങ്ങളുടെയും സംഘടനാ വിഭാഗങ്ങളുടെയും ചുമതലകളിലേക്ക് 81 പുതിയ ദേശീയ സെക്രട്ടറിമാരെ നിയമിച്ചു. പുതിയ നിയമനങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.

പുതുതായി നിയമിതരായവരിൽ പകുതിയിലധികം പേർ ഒബിസി, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. 81 ഭാരവാഹികളിൽ 29 പേർ പൊതുവിഭാഗത്തിൽ നിന്നുള്ളവരാണ്. 20 പേർ ഒബിസി വിഭാഗത്തിൽ നിന്നും അഞ്ചുപേർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇബിസി വിഭാഗത്തിൽ നിന്നും നിയമിതരായി. പട്ടികജാതി വിഭാഗത്തിൽ നിന്ന് 11 പേരും പട്ടികവർഗ വിഭാഗത്തിൽ നിന്ന് അഞ്ചുപേരും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് 11 പേരും പുതിയ പട്ടികയിലുണ്ട്.

ഇതോടെ ഒബിസി, ഇബിസി, പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം പുതിയ ഭാരവാഹികളിൽ മൂന്നിൽ രണ്ടിനടുത്തായി. രാഹുൽ ഗാന്ധി മുന്നോട്ടുവെച്ച സാമൂഹിക നീതി എന്ന ആശയത്തിന് സംഘടനാ പുനഃസംഘടനയിൽ പ്രാധാന്യം നൽകിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പുതിയ ഭാരവാഹികളിൽ 12 പേർ വനിതകളാണ്. ആകെ നിയമനങ്ങളുടെ 15 ശതമാനത്തോളം വരുമിത്. ദേശീയ സെക്രട്ടറിമാരുടെ ശരാശരി പ്രായം 49 വയസ്സാണ്. പുതിയ ഭാരവാഹികളിൽ മൂന്നിൽ രണ്ടുപേരും 50 വയസ്സിൽ താഴെയുള്ളവരാണെന്നതും ശ്രദ്ധേയമാണ്. യുവാക്കൾക്കും വിവിധ സാമൂഹിക വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുകയെന്ന ലക്ഷ്യവും പുനഃസംഘടനയിലുണ്ട്.

സംഘടനാ പുനഃസംഘടനയുടെ ഭാഗമായി 43 പുതിയ മുഖങ്ങളെ ദേശീയ സെക്രട്ടറിമാരായി ഉൾപ്പെടുത്തിയപ്പോൾ നേരത്തെയുണ്ടായിരുന്ന 25 പേരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി. ചുമതല നഷ്ടമായവരിൽ മലയാളികളായ ടി.എൻ. പ്രതാപനും റോജി എം. ജോണും ഉൾപ്പെടുന്നു. അതേസമയം, ചില പ്രമുഖ ദേശീയ ഭാരവാഹികളുടെ ചുമതലകളിൽ മാറ്റം വരുത്തിയിട്ടില്ല.

2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ സാമൂഹിക വിഭാഗങ്ങളുടെയും യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള നീക്കമായാണ് കോൺഗ്രസിൻ്റെ പുതിയ അഴിച്ചുപണി വിലയിരുത്തപ്പെടുന്നത്.

Related Posts