ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പി.ടി. ഉഷയെ ഉൾപ്പെടുത്തിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയിലെ (ഐഎച്ച്എഐ) ഒരു വിഭാഗം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഐഒഎ ജനറൽ അസംബ്ലിയിലേക്കുള്ള മറ്റൊരു നോമിനിയായ ഐഎച്ച്എഐ സെക്രട്ടറി ജനറൽ ഹർജീന്ദർ സിങ്ങിൻ്റെ നാമനിർദ്ദേശവും റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ നടന്ന ‘സ്പോർട്സ് പേഴ്സൺസ് ഓഫ് മെറിറ്റ്’ വിഭാഗത്തിലെ തെരഞ്ഞെടുപ്പിൽ പി.ടി. ഉഷ പരാജയപ്പെട്ടിരുന്നു. ഇതോടെ ഐഒഎ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത നഷ്ടമായെന്നാണ് ഹർജിക്കാരുടെ വാദം. എന്നാൽ, ഐഎച്ച്എഐ പ്രസിഡണ്ട് ഗുർപ്രീത് സിങ് ബക്ഷി ഉഷയെ ഐഒഎ ജനറൽ അസംബ്ലിയിലേക്കുള്ള അസോസിയേഷൻ്റെ പ്രതിനിധികളിലൊരാളായി നാമനിർദ്ദേശം ചെയ്തു. ഇതോടെ വോട്ടർപട്ടികയിൽ ഇടംനേടിയ ഉഷയ്ക്ക് ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരമൊരുങ്ങുകയായിരുന്നു.
ഉഷയ്ക്ക് ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയിൽ അംഗത്വമില്ലായിരുന്നുവെന്നാണ് കുൻസാങ് നംഗ്യാൽ നേതൃത്വം നൽകുന്ന വിഭാഗത്തിൻ്റെ പ്രധാന വാദം. നിയമപരമായ അംഗീകാരമില്ലാത്തതിനാൽ ബക്ഷിക്ക് ഐഎച്ച്എഐ പ്രസിഡണ്ടായും ഹർജീന്ദറിന് സെക്രട്ടറി ജനറലായും പ്രവർത്തിക്കാൻ അധികാരമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ബക്ഷി നേതൃത്വം നൽകുന്ന ഐഎച്ച്എഐ വിഭാഗത്തെയാണ് ഐഒഎ അംഗീകരിച്ചിട്ടുള്ളത്. എന്നാൽ, ഔദ്യോഗിക ദേശീയ കായിക ഫെഡറേഷൻ തങ്ങളാണെന്ന് അവകാശപ്പെട്ട് ഒന്നിലധികം വിഭാഗങ്ങൾ രംഗത്തുവന്നതോടെ ഐസ് ഹോക്കിയുടെ ഒരു ദേശീയ ഭരണസമിതിയെയും നിലവിൽ കായിക മന്ത്രാലയം അംഗീകരിച്ചിട്ടില്ല. ഉഷയുടെ നാമനിർദ്ദേശത്തിനെതിരെ നംഗ്യാൽ വിഭാഗം നൽകിയ പരാതി ഐഒഎ തെരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
ഈ വർഷം ഓഗസ്റ്റ് രണ്ടിന് ഐഎച്ച്എഐ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ നടത്തിയ തെരഞ്ഞെടുപ്പ് അംഗീകരിക്കാൻ ഐഒഎയ്ക്ക് നിർദേശം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഐഒഎ ജനറൽ അസംബ്ലിയിലേക്ക് രണ്ട് പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യാൻ അനുവദിക്കാത്തതിനെതിരെ ബ്രിജീന്ദർ സിങ് നേതൃത്വം നൽകുന്ന ഇന്ത്യൻ ഗോൾഫ് യൂണിയനും (ഐജിയു) ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി വ്യാഴാഴ്ച പരിഗണിക്കും. നവംബർ ഒൻപതിന് പുറത്തിറക്കിയ ഐഒഎ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുള്ള 30 ദേശീയ കായിക ഫെഡറേഷനുകളുടെ പട്ടികയിൽ നിന്ന് ഐജിയുവിനെ ഒഴിവാക്കിയിരുന്നു. ഐജിയുവിലും രണ്ട് വിഭാഗങ്ങൾ നിലവിലുണ്ട്. ഇതിൽ ഒരു വിഭാഗത്തിന് ഐഒഎയുടെയും മറ്റൊന്നിന് കായിക മന്ത്രാലയത്തിൻ്റെയും അംഗീകാരമുണ്ട്.