കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് തുക 10 ലക്ഷത്തിൽനിന്ന് 15 ലക്ഷം രൂപയായി വർധിപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഫിഷറീസ്, തുറമുഖ വകുപ്പ് അഡീഷണൽ സെക്രട്ടറി ചന്ദ്രശേഖർ പുറപ്പെടുവിച്ചു. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.
മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും അപകട ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷത്തിൽനിന്ന് 20 ലക്ഷം രൂപയായി ഉയർത്താനായിരുന്നു ബജറ്റിലെ പ്രഖ്യാപനം. ഇതിൻ്റെ ആദ്യഘട്ടമായാണ് നിലവിൽ ഇൻഷുറൻസ് തുക 15 ലക്ഷം രൂപയായി വർധിപ്പിച്ചിരിക്കുന്നത്.
അടുത്ത ഘട്ടത്തിൽ ഇൻഷുറൻസ് പരിരക്ഷ 20 ലക്ഷം രൂപയായി ഉയർത്തുകയാണ് ലക്ഷ്യം. ഇതോടെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അപകടസാഹചര്യങ്ങളിൽ കൂടുതൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.