ചാലക്കുടിയിൽ നിർമിക്കുന്ന കലാഭവൻ മണി സ്മാരകത്തിൻ്റെ നിർമാണം ആറുമാസത്തിനകം പൂർത്തിയാക്കുമെന്ന് കേരള ഫോക്‌ലോർ അക്കാദമി അധികൃതർ അറിയിച്ചു. പദ്ധതിയുടെ തുടർനടപടികൾ ആലോചിക്കുന്നതിനായി അക്കാദമി സെക്രട്ടറി എം.പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ ചാലക്കുടിയിൽ യോഗം ചേർന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല.

ചാലക്കുടി ഗവ. ബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിന് സമീപം ദേശീയപാതയോരത്ത് അനുവദിച്ച 20 സെന്റ് സ്ഥലത്താണ് ആദ്യഘട്ട നിർമാണം നടക്കുക. ഇതിനായി മൂന്ന് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കലാപഠന കേന്ദ്രവും ആർട്ട് ഗാലറിയുമാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്.

പദ്ധതിയുടെ രണ്ടാംഘട്ടത്തിനായി സമീപത്തുള്ള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ 15 സെന്റ് ഭൂമി കൂടി സാംസ്‌കാരിക വകുപ്പിന് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നടപടികൾ പൂർത്തിയായാൽ ഈ ഭൂമിയും ഉൾപ്പെടുത്തി തുടർനിർമാണം നടത്തും.

കഴിഞ്ഞ വർഷം മേയിൽ മന്ത്രി സജി ചെറിയാൻ സ്മാരകത്തിന് തറക്കല്ലിട്ടിരുന്നെങ്കിലും നിർമാണം ആരംഭിച്ചിരുന്നില്ല. നാടൻപാട്ടുകളുടെ സംരക്ഷണത്തിനും വാമൊഴിപ്പാട്ടുകളുടെ ശേഖരണത്തിനും സ്മാരകത്തിൽ പ്രത്യേക സംവിധാനമൊരുക്കുമെന്നും അക്കാദമി അറിയിച്ചു.

ഇതിനുപുറമെ ഗോത്രവർഗങ്ങളുടെ പരമ്പരാഗത ഭക്ഷണം, കല, കൃഷിരീതികൾ എന്നിവ പരിചയപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ട്രൈബൽ ഫെസ്റ്റുകൾ സംഘടിപ്പിക്കാനും ഫോക്‌ലോർ അക്കാദമി പദ്ധതിയിടുന്നുണ്ട്.

Related Posts