പുതുവർഷം മുതൽ സംസ്ഥാനത്ത് കൂടുതൽ കർശനമായ ട്രാഫിക് നിയമങ്ങൾ നടപ്പാക്കാനൊരുങ്ങി കർണാടക സർക്കാർ. ഇരുചക്രവാഹന യാത്രക്കാർ ഹാഫ് ഹെൽമറ്റ് ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനൊപ്പം ഫുട്പാത്തിലൂടെ വാഹനമോടിക്കുന്നവർക്കുള്ള പിഴയും കുത്തനെ വർധിപ്പിക്കും. ആവർത്തിച്ച് നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കാനും ആലോചനയുണ്ട്.

പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും പുതുവർഷത്തോടെ ഇവ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് സർക്കാരിൻ്റെ നീക്കമെന്നും ഗതാഗതമന്ത്രി ഭൈരതി സുരേഷ് പറഞ്ഞു.

പുതിയ നിർദേശപ്രകാരം ഫുട്പാത്തിലൂടെ ഇരുചക്രവാഹനം ഓടിച്ചാൽ ആദ്യതവണ 5,000 രൂപ പിഴയീടാക്കും. നിലവിൽ ഇത് 1,000 രൂപയാണ്. രണ്ടാം തവണ നിയമം ലംഘിച്ചാൽ 10,000 രൂപ പിഴ ചുമത്തും. മൂന്നാം തവണയും ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കാനാണ് നിർദേശം.

ഇരുചക്രവാഹന യാത്രക്കാരുടെയും പിന്നിലിരിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഹാഫ് ഹെൽമറ്റുകൾക്ക് സംസ്ഥാനവ്യാപക നിരോധനം ഏർപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണം അവസാനഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. നിരോധനം നടപ്പാകുന്നതോടെ സംസ്ഥാനത്തെ ഹാഫ് ഹെൽമറ്റ് നിർമാണത്തെയും വിൽപ്പനയെയും ബാധിക്കും.

Related Posts