ബെംഗളൂരുവിലെ ചരിത്രപ്രസിദ്ധമായ കുമാരകൃപ സർക്കാർ അതിഥിമന്ദിരത്തിന് പുതിയ പേര്. നവീകരിച്ച കെട്ടിടത്തിന് ‘ഗംഗ’ എന്ന് പുനർനാമകരണം ചെയ്ത് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ ഔദ്യോഗിക വസതിയായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങി.

പുതിയ വസതിയിൽ ഡി.കെ. ശിവകുമാറും കുടുംബവും പ്രത്യേക പൂജകൾ നടത്തി. സന്ദർശകരെ സ്വീകരിക്കുക, പൊതുജനങ്ങളുടെ പരാതികൾ കേൾക്കുക, നിവേദനങ്ങൾ സ്വീകരിക്കുക, ഔദ്യോഗിക യോഗങ്ങളും പരിപാടികളും നടത്തുക തുടങ്ങിയ ആവശ്യങ്ങൾക്കും കെട്ടിടം ഉപയോഗിക്കും.

ഏകദേശം 160 വർഷം പഴക്കമുള്ളതാണ് കുമാരകൃപ കെട്ടിടം. മൈസൂർ ദിവാനായിരുന്ന കെ. ശേഷാദ്രി അയ്യരുടെ സ്വകാര്യ വസതിയായിരുന്ന ഇവിടെ 1927ൽ മഹാത്മാഗാന്ധിയും താമസിച്ചിട്ടുണ്ട്. പിന്നീട് സർക്കാർ ഏറ്റെടുത്ത കെട്ടിടം അതിഥിമന്ദിരമായി പ്രവർത്തിച്ചുവരികയായിരുന്നു.

കെട്ടിടത്തിൻ്റെ പൈതൃകസ്വഭാവം മാറ്റി മുഖ്യമന്ത്രിയുടെ വസതിയാക്കുന്നതിനെതിരെ ബിജെപിയും ജെഡിഎസും നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ചരിത്രപ്രാധാന്യമുള്ള കെട്ടിടം വ്യക്തിപരമായ ആവശ്യങ്ങൾക്കായി മാറ്റുന്നത് പൈതൃകത്തോടുള്ള വഞ്ചനയാണെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആരോപണം. എന്നാൽ പഴയ കെട്ടിടത്തിൻ്റെ പൈതൃകഭംഗി സംരക്ഷിച്ചാണ് നവീകരണം നടത്തിയതെന്നാണ് സർക്കാർ നിലപാട്.

Related Posts