നഗരത്തിലെ 60 അടി വീതിയോ അതിൽ കൂടുതലോ ഉള്ള റോഡുകളോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലങ്ങൾ പൊതുലേലത്തിലൂടെ വിൽക്കാൻ ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) തീരുമാനിച്ചു. കോർണർ, ഇന്റർമീഡിയറ്റ്, വാണിജ്യ ആവശ്യങ്ങൾക്കുള്ള സ്ഥലങ്ങൾ ഉൾപ്പെടെ ഇത്തരം പ്ലോട്ടുകൾ ഇനി പൊതുഇ-ലേലം വഴിയാകും കൈമാറുക.
നവംബർ 11ന് പുറപ്പെടുവിച്ച ഉത്തരവ് ബിഡിഎ വികസിപ്പിച്ച ലേഔട്ടുകളിലെ ഒഴിഞ്ഞ സ്ഥലങ്ങൾക്ക് ബാധകമാണ്. ഉയർന്ന വിപണിമൂല്യമുള്ള സ്ഥലങ്ങൾ സുതാര്യമായ രീതിയിൽ വിൽക്കുകയും അതുവഴി അതോറിറ്റിയുടെ വരുമാനം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. കൂടുതൽ സ്ഥലങ്ങൾ പൊതുജനങ്ങൾക്ക് വാങ്ങാൻ അവസരമൊരുക്കാനും തീരുമാനത്തിലൂടെ സാധിക്കും.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെയും ബിഡിഎ ചെയർമാൻ എൻ.എ. ഹാരിസിൻ്റെയും നിർദേശത്തെ തുടർന്നാണ് നടപടി. നഷ്ടപരിഹാരമായി ഭൂവുടമകൾക്ക് നൽകുന്ന സ്ഥലങ്ങളുടെ പേരിൽ പ്രധാനപ്പെട്ട പ്ലോട്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
60 അടി വീതിയോ അതിൽ കൂടുതലോ ഉള്ള റോഡുകളോട് ചേർന്നുള്ള സ്ഥലങ്ങൾക്കു മാത്രമാണ് പുതിയ ലേലനടപടി ബാധകമാകുക. മറ്റ് ഒഴിഞ്ഞ സ്ഥലങ്ങൾ നിലവിലുള്ള പൊതുവിഭാഗം അലോട്ട്മെന്റ് ചട്ടങ്ങൾ പ്രകാരം അനുവദിക്കുന്നത് തുടരും.
പുതിയ ഉത്തരവ് നടപ്പാക്കുന്നതിലൂടെ വിലകൂടിയ ഭൂമിയുടെ കൈമാറ്റത്തിൽ സുതാര്യത ഉറപ്പാക്കാനും വിവേചനാധികാരം കുറയ്ക്കാനും കഴിയുമെന്നാണ് ബിഡിഎയുടെ പ്രതീക്ഷ. എന്നാൽ ലേലത്തിന് ലഭ്യമാകുന്ന സ്ഥലങ്ങളുടെ എണ്ണവും ലേലത്തീയതിയും സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.