രാജാജിനഗറിലെ ഡോ. രാജ്കുമാർ റോഡിൽ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ പുനരാരംഭിച്ചതോടെ ഭാരവാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. നവരംഗ് സർക്കിളിൽനിന്ന് രാജാജിനഗർ പൊലീസ് സ്റ്റേഷനു സമീപമുള്ള രാജരാജേശ്വരി കല്യാണമണ്ഡപം വരെയുള്ള ഭാഗത്താണ് ആദ്യഘട്ടത്തിൽ പണി നടക്കുന്നത്.

1.8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ അഞ്ച് ഘട്ടങ്ങളിലായാണ് വൈറ്റ് ടോപ്പിങ് പ്രവൃത്തി നടത്തുന്നത്. ഇതിൻ്റെ ഭാഗമായി റോഡിൻ്റെ പടിഞ്ഞാറുഭാഗത്തെ വാഹനഗതാഗതം പൂർണമായി അടച്ചു. രാജാജിനഗർ എൻട്രൻസ് ഭാഗത്തുനിന്ന് രാജരാജേശ്വരി കല്യാണമണ്ഡപം വരെ ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ എന്നിവയ്ക്ക് യാത്ര അനുവദിച്ചിട്ടുണ്ട്. എന്നാൽ കെഎസ്ആർടിസി, ബിഎംടിസി ബസുകൾ, ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് ഈ ഭാഗത്ത് പ്രവേശനമില്ല.

നവരംഗ് സർക്കിളിൽനിന്ന് രാജാജിനഗർ എൻട്രൻസ് വരെയുള്ള റോഡിൻ്റെ കിഴക്കുഭാഗത്ത് ഏകദിശാ ഗതാഗതമാണ് അനുവദിച്ചിരിക്കുന്നത്. എതിർദിശയിൽനിന്നുള്ള വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചു.

ഭാരവാഹനങ്ങൾ വെസ്റ്റ് ഓഫ് കോർഡ് റോഡ് വഴി സോപ്പ് ഫാക്ടറി സർക്കിളിലെത്തണമെന്നാണ് നിർദേശം. ഇതോടെ മജസ്റ്റിക് ഭാഗത്തേക്കും നഗരത്തിലെ മറ്റു മേഖലകളിലേക്കും പോകുന്ന ബസുകൾക്ക് പകരംപാത ഉപയോഗിക്കേണ്ടിവരും.

രണ്ടാംഘട്ടത്തിൽ രാജരാജേശ്വരി കല്യാണമണ്ഡപം മുതൽ ടിവിഎസ് ഷോറൂം വരെയും മൂന്നാംഘട്ടത്തിൽ ടിവിഎസ് ഷോറൂം മുതൽ നവരംഗ് ബാർ സർക്കിൾ വരെയും പണി നടത്തും. നാലാംഘട്ടത്തിൽ നവരംഗ് സർക്കിളിൽനിന്ന് ഓൾഡ് ആർടിഒ സർക്കിൾ വരെയും അവസാനഘട്ടത്തിൽ ഓൾഡ് ആർടിഒ സർക്കിളിൽനിന്ന് രാജാജിനഗർ എൻട്രൻസ് വരെയും വൈറ്റ് ടോപ്പിങ് പൂർത്തിയാക്കും.

മാർച്ചോടെ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രാജാജിനഗർ എംഎൽഎ എസ്. സുരേഷ് കുമാർ അറിയിച്ചു. റോഡിന്റെ മറുഭാഗത്തെ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. പുതിയ നിയന്ത്രണങ്ങൾ യാത്രക്കാരും വ്യാപാരികളും ബുദ്ധിമുട്ടിലാകാതെ നടപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Posts