ഗാന്ധി കുടുംബത്തിനെതിരെ അപകീർത്തികരവും പ്രകോപനപരവുമായ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചെന്ന പരാതിയിൽ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ പോലീസ് കേസെടുത്തു. ഹിമാചൽ പ്രദേശിലെ ഷിംല പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, രാജീവ് ഗാന്ധിയുടെ സഹോദരൻ സഞ്ജയ് ഗാന്ധി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് കങ്കണ പങ്കുവച്ച പോസ്റ്റുകളിൽ പ്രകോപനപരമായ പരാമർശങ്ങളുണ്ടെന്നാണ് പരാതി. ഷിംല സ്വദേശിയായ അതുൽ ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വെള്ളിയാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഷിംല പൊലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ബിലോങ്ങിംഗ്: എ ജേണി ഓഫ് ലവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കങ്കണ ചൊവ്വാഴ്ച ഇൻസ്റ്റഗ്രാമിലൂടെ വിവാദ പോസ്റ്റുകൾ പങ്കുവച്ചത്. നെഹ്റു-ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നതുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്നും ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണങ്ങൾ യാദൃശ്ചികമല്ലെന്നും കങ്കണ ആരോപിച്ചിരുന്നു.
കുടുംബത്തിലെ മരണങ്ങൾക്കുശേഷം അധികാരം സോണിയ ഗാന്ധിയിലേക്ക് എത്തിയെന്ന തരത്തിലുള്ള പരാമർശങ്ങളും പോസ്റ്റിലുണ്ടായിരുന്നു. സഞ്ജയ് ഗാന്ധിയുടെ മരണശേഷം മേനക ഗാന്ധിയെയും മകനെയും കുടുംബവീട്ടിൽനിന്ന് പുറത്താക്കിയ സംഭവവും കങ്കണ പരാമർശിച്ചിരുന്നു. ‘എത്ര സൗകര്യപ്രദം’ എന്ന വാക്കുകളോടെയാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
രാഷ്ട്രീയ വിമർശനത്തിനപ്പുറം പ്രകോപനപരമായ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് കങ്കണ ശ്രമിച്ചതെന്നാണ് പരാതിക്കാരൻ്റെ ആരോപണം. സാമുദായികവും ദേശീയവുമായ ഐക്യത്തിന് ഭംഗം വരുത്തുന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.