ബാലാവകാശ നിയമപ്രകാരം കുട്ടികളുടെ പ്രായപരിധി നിലവിലെ 18 വയസിൽ നിന്ന് 16 വയസായി കുറയ്ക്കുന്ന കാര്യം നിയമനിർമാണ സഭകൾ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. 16 വയസാകുമ്പോഴേക്കും കുട്ടികൾക്ക് ആവശ്യമായ മാനസിക പക്വത കൈവരിക്കുന്നുണ്ടെന്നാണ് നിലവിലെ പ്രവണതകൾ സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു.
മദ്യപിച്ച് 19കാരൻ ഓടിച്ച ആഡംബരക്കാറിടിച്ച് നെടുമ്പാശേരിയിൽ മൂന്നുപേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
കേരള അബ്കാരി നിയമത്തിലെ 15ബി വകുപ്പ് പ്രകാരം 23 വയസിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതും വിളമ്പുന്നതും നിരോധിച്ചിട്ടുണ്ട്. ഈ വ്യവസ്ഥ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മിഷണർക്ക് ഹൈക്കോടതി നിർദേശം നൽകി.
മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ളയാണ് ഹർജി സമർപ്പിച്ചത്. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.