എസ് കെ ജെ എം ബാംഗ്ലൂ.ർ നോർത്ത് റേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇസ്ലാമിക കലാ-സാഹിത്യ മത്സരം നവംബർ 15ന് ഞായറാഴ്ച ബാംഗ്ലൂരിൽ നടക്കും. ആയിരത്തിലധികം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന കലാമാമാങ്കത്തിന് വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിവരുന്നത്.
ബാംഗ്ലൂർ നോർത്ത് റേഞ്ചിന് കീഴിലുള്ള വിവിധ മദ്റസകളിലെ വിദ്യാർത്ഥികളുടെ ഇസ്ലാമിക കലാ-സാഹിത്യ കഴിവുകൾ പരിപോഷിപ്പിക്കുകയും സർഗാത്മകമായ പ്രതിഭകൾക്ക് വേദിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ 15ന് മൈസൂർ റോഡിലുള്ള എംഎംഎ ക്രസന്റ് ഓഡിറ്റോറിയത്തിൽ നാല് വേദികളിലായാണ് മത്സരം നടക്കുന്നത്.
വിദ്യാർത്ഥികളുടെ ഇസ്ലാമിക കലാമൽസരങ്ങൾക്കൊപ്പം മുഅല്ലിം വിഭാഗ മത്സരങ്ങളും നടക്കും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ വിവിധ മഹല്ലുകളേയും മദ്രസകളേയും പ്രതിനിധീകരിച്ചുള്ള പ്രമുഖർ പങ്കെടുക്കും. പൊതു സമ്മേളനത്തിൽ ഓവറോൾ കിരീട ജേതാക്കൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്യും. പരിപാടി വീക്ഷിക്കുന്നതിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ചെയർമാൻ അബ്ദുൽ ലത്തീഫ് ഹാജിയും ജനറൽ കൺവീനർ ഹംസ ഫൈസിയും അറിയിച്ചു.