ജമ്മു കശ്മീരിൽ സുരക്ഷാ സേനയുടെ ആശങ്ക വർധിപ്പിച്ച് രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ (എസ്.പി.ഒ) കാണാതായി. കിഷ്ത്വാർ ജില്ലയിലെ ഡച്ചാൻ–മർവ മേഖലയിലാണ് സംഭവം. റാഷ്പാൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കാണാതായത്.

സൈന്യത്തോടൊപ്പം പട്രോളിംഗ് നടത്തിയിരുന്ന ഇരുവരും ഡെർണ പോസ്റ്റിലേക്ക് മടങ്ങുന്നതിനിടെയാണ് കാണാതായതെന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. സംഭവദിവസം പകൽ പ്രദേശത്തുനിന്ന് വെടിയൊച്ചകൾ കേട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. ആദ്യം ഇരുവരുടെയും മൊബൈൽ ഫോണുകളിൽ വിളിച്ചപ്പോൾ റിങ് ചെയ്തിരുന്നെങ്കിലും പിന്നീട് ഫോണുകൾ സ്വിച്ച് ഓഫ് ആയതായി കണ്ടെത്തി. പൊലീസും സുരക്ഷാസേനയും സംയുക്തമായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

അതിനിടെ, ദക്ഷിണ കശ്മീരിലെ കുൽഗാമിൽ സി.ആർ.പി.എഫ് സുരക്ഷാ പോസ്റ്റിന് സമീപമുണ്ടായ ഭീകരാക്രമണവും ആശങ്ക ഉയർത്തിയിട്ടുണ്ട്. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തി. സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് വിശദാംശങ്ങൾ തേടുകയും ചെയ്തു.

അഖ്റാൻ പാലത്തിന് സമീപമുള്ള നാകാ ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ ബൈക്കിലെത്തിയ രണ്ട് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ദക്ഷിണ കശ്മീരിലെ അമ്രാൻ മേഖലയിലുള്ള മിർബസാറിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു ആക്രമണം. സംഭവത്തിനു പിന്നാലെ അമ്രാൻ, മിർബസാർ മേഖലകളിൽ സുരക്ഷാ സേന പരിശോധന ശക്തമാക്കി. കരസേന, കേന്ദ്രസേന, ജമ്മു കശ്മീർ പൊലീസ്, ദ്രുതകർമസേന എന്നിവ സംയുക്തമായി പ്രദേശം വളഞ്ഞ് ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു.

സുരക്ഷാ നടപടികളുടെ ഭാഗമായി പ്രദേശവാസികൾ വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രണ്ട് എസ്.പി.ഒമാരെ കാണാതായ സംഭവവും സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണവും കണക്കിലെടുത്ത് കശ്മീർ താഴ്‌വരയിൽ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Related Posts