ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം വിദ്യാധിരാജപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ ഐക്യവേദിയുടെ കർണാടക സംസ്ഥാന കൺവീനറായി ബി.ജയപ്രകാശിനെ നിയമിച്ചു. കർണാടകയിലെ സംഘടനാ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി നവംബർ 22ന് പ്രഥമ സംസ്ഥാന യോഗം സംഘടിപ്പിക്കും.

ബെംഗളൂരുവിലെ ഹെന്നൂർ ബാനസവാടിയിലുള്ള കോസ്മോപൊളിറ്റൻ ക്ലബ്ബിലാണ് യോഗം നടക്കുന്നത്. സംസ്ഥാനത്ത് നായർ സമുദായാംഗങ്ങളെ ഏകോപിപ്പിക്കുകയും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ ഒരുക്കുകയുമാണ് യോഗത്തിൻ്റെ പ്രധാന ലക്ഷ്യം.

ലോകമെമ്പാടുമുള്ള നായർ സമുദായാംഗങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുക, ഭിന്നിച്ചുനിൽക്കുന്ന സമുദായത്തെ പുനഃസംഘടിപ്പിച്ച് ശക്തിപ്പെടുത്തുക, സമുദായത്തിൻ്റെ അവകാശങ്ങളെക്കുറിച്ച് അംഗങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ.

സമുദായത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അനീതികൾക്കെതിരെ പോരാടുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തും. ആധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂളുകളും കോളേജുകളും സ്ഥാപിക്കുക, പുരുഷന്മാർക്കും സ്ത്രീകൾക്കും തൊഴിൽപരിശീലനം നൽകുക, യുവജനങ്ങൾക്ക് സംരംഭകത്വ പരിശീലനവും ആവശ്യമായ പിന്തുണയും ഉറപ്പാക്കുക തുടങ്ങിയ പദ്ധതികളും സംഘടനയുടെ പ്രവർത്തനപരിപാടികളിൽ ഉൾപ്പെടുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായാംഗങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിനായി വിവിധ വ്യവസായ-വാണിജ്യ സംരംഭങ്ങൾ ആരംഭിക്കാനും നിർധനർക്ക് ചികിത്സാ സഹായവും വിദ്യാഭ്യാസ സഹായവും ലഭ്യമാക്കാനും സംഘടന ലക്ഷ്യമിടുന്നു.

കർണാടകയിലെ നായർ സമുദായാംഗങ്ങളുടെ ഐക്യവും സംഘടനാ ശക്തിയും വർധിപ്പിക്കുന്നതിനൊപ്പം സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുരോഗതിക്കായി പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. യോഗത്തിലേക്ക് സമുദായാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യവും സഹകരണവും ക്ഷണിച്ചിട്ടുണ്ട്.

Related Posts