ആലുവ വെളിയത്തുനാട്ടിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പാർട്ടി സംഘടിപ്പിക്കുന്നതിൽ പങ്കാളിയായിരുന്ന 24കാരിയെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ വിവരം യുവതിക്ക് നേരത്തെ അറിയാമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.

എറണാകുളം സ്വദേശിയായ യുവതി കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി അലക്സിൻ്റെ സുഹൃത്താണ്. പാർട്ടിയിൽ മദ്യത്തിന് പുറമെ മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകളുടെയും മൊഴിയെടുക്കാനാണ് നീക്കം.

30-ലേറെ പേർ പാർട്ടിയിൽ പങ്കെടുത്തിരുന്നതായാണ് വിവരം. ഇവരിൽ പലരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതേത്തുടർന്ന് ഇവരുടെ വീടുകളിലെത്തി മൊഴി രേഖപ്പെടുത്താനാണ് പൊലീസിൻ്റെ തീരുമാനം.

അതേസമയം, പ്രതി അലക്സിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. പൊലീസിനെ അറിയിക്കാതെയാണ് സംഘം റിസോർട്ടിൽ ഹാലോവീൻ പാർട്ടി സംഘടിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റിസോർട്ട് നടത്തിപ്പുമായി ബന്ധമുള്ളവരെയും പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. പൊലീസിന് പുറമെ എക്സൈസ് വകുപ്പും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒക്ടോബർ 31-ന് രാത്രിയിലായിരുന്നു റിസോർട്ടിൽ ഹാലോവീൻ പാർട്ടി നടന്നത്. പാർട്ടിയിൽ പങ്കെടുത്ത ഒരു പെൺകുട്ടിയുടെ പിതാവ് മുൻകൂട്ടി അറിയിക്കാതെ റിസോർട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പാർട്ടിയിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് സംശയം തോന്നിയ അദ്ദേഹം വിവരം ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്നാണ് സംഭവം പുറത്തറിയുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്.

Related Posts