ട്രെയിൻ യാത്രയ്ക്കിടെ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). വ്യാജ വെബ്സൈറ്റുകളും അനധികൃത മൊബൈൽ ആപ്പുകളും വഴി ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങളും സാമ്പത്തിക തട്ടിപ്പുകളും വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതും വർധിക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയത്.

ഭക്ഷണം ബുക്ക് ചെയ്യാൻ ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫുഡ് ഓൺ ട്രാക്ക് (Food on Track) ആപ്പ്, അംഗീകൃത ഇ-കാറ്ററിങ് സേവനങ്ങൾ എന്നിവ മാത്രം ഉപയോഗിക്കണമെന്നാണ് നിർദേശം. അനധികൃത ഇ-കാറ്ററിങ് പ്ലാറ്റ്ഫോമുകൾക്കെതിരേ നടപടികളും ശക്തമാക്കിയിട്ടുണ്ട്.

അനധികൃത പ്ലാറ്റ്ഫോമുകൾ വഴി ലഭിക്കുന്ന ഭക്ഷണം പലപ്പോഴും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഹോട്ടലുകളിൽ നിന്നുള്ളതാകാമെന്ന് ഐആർസിടിസി മുന്നറിയിപ്പ് നൽകുന്നു. ഇത്തരം സ്ഥാപനങ്ങൾക്ക് ആവശ്യമായ ലൈസൻസുകളോ ശുചിത്വ സംവിധാനങ്ങളോ ഉണ്ടായിരിക്കണമെന്നില്ല. പരിശീലനം ലഭിക്കാത്ത ജീവനക്കാർ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതും യാത്രക്കാരുടെ ആരോഗ്യത്തിന് ഭീഷണിയാകാം.

അനധികൃത വെബ്സൈറ്റുകളിലും ആപ്പുകളിലും പിഎൻആർ നമ്പർ, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, യുപിഐ വിവരങ്ങൾ എന്നിവ നൽകുന്നത് സാമ്പത്തിക തട്ടിപ്പുകൾക്ക് വഴിയൊരുക്കും. യാത്രക്കാരുടെ സ്വകാര്യ വിവരങ്ങളും പണവും ഒരുപോലെ അപകടത്തിലാകാമെന്നാണ് ഐആർസിടിസിയുടെ മുന്നറിയിപ്പ്.

ഇത്തരം പ്ലാറ്റ്ഫോമുകളിൽ ഭക്ഷണം ഓർഡർ ചെയ്താൽ കൃത്യസമയത്ത് ലഭിക്കുമെന്ന് ഉറപ്പില്ല. ഔദ്യോഗിക പരാതി പരിഹാര സംവിധാനം ഇല്ലാത്തതിനാൽ പണം തിരികെ ലഭിക്കുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യാനുള്ള ഔദ്യോഗിക മാർഗങ്ങൾ
ഇ-കാറ്ററിങ് വെബ്സൈറ്റ്: www.ecatering.irctc.co.in വഴി ഭക്ഷണം ബുക്ക് ചെയ്യാം.

ഫുഡ് ഓൺ ട്രാക്ക് ആപ്പ്: ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ഔദ്യോഗിക ആപ്പ് ഡൗൺലോഡ് ചെയ്യാം.

ഹെൽപ്പ്ലൈൻ 1323: ഐആർസിടിസി ഇ-കാറ്ററിങ് കസ്റ്റമർ സർവീസിൽ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യാം.

അംഗീകൃത പങ്കാളികൾ: ഐആർസിടിസിയുടെ അംഗീകാരമുള്ള ഇ-കാറ്ററിങ് പങ്കാളികൾ വഴിയും ഭക്ഷണം ബുക്ക് ചെയ്യാം.

യാത്രയ്ക്കിടെ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ വിശ്വസനീയമായ ഔദ്യോഗിക സംവിധാനങ്ങൾ മാത്രം ഉപയോഗിക്കണമെന്നും വ്യക്തിഗത-ബാങ്കിങ് വിവരങ്ങൾ അപരിചിത പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കരുതെന്നും ഐആർസിടിസി യാത്രക്കാരെ ഓർമിപ്പിക്കുന്നു.

Related Posts