മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു കന്യാസ്ത്രീകളെയും കന്യാസ്ത്രീ പഠനം നടത്തുന്ന എട്ട് വിദ്യാർഥിനികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് റെയിൽവേ പോലീസ്.

മധ്യപ്രദേശിലെ ഇൻഡോർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെയാണ് സംഭവം. കസ്റ്റഡിയിൽ എടുത്ത മൂന്ന് കന്യാസ്ത്രീമാരിൽ ഒരാൾ മലയാളിയാണ്. കന്യാസ്ത്രീ പഠനം നടത്തുന്ന വിദ്യാർഥിനികളെ അവധിയ്ക്ക് വീട്ടിലേയ്ക്ക് പറഞ്ഞയക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം.

സ്റ്റേഷനിൽ എത്തിയ ഉടനെ മനുഷ്യക്കടത്തിന് സാധ്യതയുള്ള തരത്തിൽ ചില തെളിവുകളുണ്ടെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുക്കുകയും റെയിൽവേ പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയുമായിരുന്നു.

ഉടനെ കൂട്ടത്തിലുണ്ടായിരുന്നു മലയാളി കന്യാസ്ത്രീ ഇൻഡോർ രൂപത മേലധികാരികളെ വിവരം അറിയിച്ചു. തുടർന്ന് ഇൻഡോർ രൂപത ബിഷപ് ഡോ. തോമസ് മാത്യുവിന്‍റെ നേതൃത്വത്തിൽ രൂപത അധികൃതർ മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതോടെ ഒരു മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനൊടുവിൽ കന്യാസ്ത്രീകളെ വിട്ടയച്ചു. സിസ്റ്റേഴ്സ് ഓഫ് വിസിറ്റേഷൻ സഭ അംഗങ്ങളായ കന്യാസ്ത്രീകളാണ് അതിക്രമത്തിന് ഇരയായത്.

Related Posts