റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അബുദാബി സമാധാന ചർച്ചകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രെയ്ൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്കിയും ടെലിഫോണിൽ സംസാരിച്ചു. യുദ്ധത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സമാധാന ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു.
റഷ്യ, യുക്രെയ്ൻ, അമേരിക്ക എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ത്രികക്ഷി സമാധാന ചർച്ച അബുദാബിയിൽ നടക്കാനിരിക്കെയാണ് നേതാക്കളുടെ സംഭാഷണം. യുക്രെയ്നിലെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കു നേരെ റഷ്യ വീണ്ടും ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ള നയതന്ത്ര നീക്കങ്ങൾ സജീവമായത്.
യുദ്ധം അവസാനിപ്പിക്കുന്നതിനും വെടിനിർത്തൽ സാധ്യമാക്കുന്നതിനും ഇന്ത്യ കൂടുതൽ ഇടപെടണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. റഷ്യയുമായി ചർച്ചകൾ നടത്താനും മറ്റ് ലോകനേതാക്കളുമായി സഹകരിച്ച് സമാധാനത്തിനുള്ള വഴികൾ കണ്ടെത്താനും ഇന്ത്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനുമായി നടത്തിയ സംഭാഷണത്തിൽ മോദി യുദ്ധം അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് വ്യക്തമാക്കിയ കാര്യം സെലൻസ്കി ഓർമിപ്പിച്ചു. യുക്രെയ്ൻ പ്രസിഡണ്ടുമായുള്ള സംഭാഷണം ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതും ചർച്ചയായി.
യുദ്ധത്തിൻ്റെ മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ചും സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള വിവിധ ശ്രമങ്ങളെക്കുറിച്ചും സെലൻസ്കി വിശദീകരിച്ചതായി മോദി അറിയിച്ചു. സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണ അദ്ദേഹം ആവർത്തിച്ചു.
കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി തടസ്സപ്പെടുന്നത് ആഗോള ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് സെലൻസ്കി ചൂണ്ടിക്കാട്ടി. ധാന്യങ്ങളും ഊർജ ഉൽപന്നങ്ങളും സുരക്ഷിതമായി കടത്തുന്നതിനുള്ള പ്രത്യേക സമുദ്ര ഇടനാഴികൾ സ്ഥാപിക്കാൻ ഇന്ത്യയുടെ മധ്യസ്ഥത സഹായകരമാകുമെന്ന് യുക്രെയ്ൻ പ്രതീക്ഷിക്കുന്നു. അതേസമയം, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി സംസാരിച്ചിരുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം കൂടുതൽ സജീവമാകുന്നുവെന്ന സൂചനയാണ് നേതാക്കളുടെ സംഭാഷണം നൽകുന്നത്.