ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ ബെംഗളൂരുവിൽ നിന്ന് പമ്പയിലേക്ക് പ്രതിദിന ബസ് സർവീസ് നടത്താൻ കർണാടക ആർടിസി തീരുമാനിച്ചു. മകരവിളക്ക് തീർഥാടനം പൂർത്തിയാകുന്നതുവരെ സർവീസ് തുടരും. ബസിൻ്റെ റൂട്ടും സമയക്രമവും അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഐരാവത് ക്ലബ് ക്ലാസ് വിഭാഗത്തിലുള്ള എസി ബസായിരിക്കും പ്രതിദിന സർവീസ് നടത്തുക. ഇതിന് പുറമേ വാരാന്ത്യങ്ങളിലും തിരക്കേറിയ ദിവസങ്ങളിലും യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് നോൺ എസി സ്ലീപ്പർ, രാജഹംസ, സാരിഗെ എക്സ്പ്രസ് ബസുകളും സർവീസ് നടത്തും.

പ്രതിദിന സർവീസ് മൈസൂരു വഴിയായിരിക്കും. അധിക സർവീസുകൾ സേലം, പാലക്കാട് റൂട്ടിലൂടെയും നടത്തും. തീർഥാടക സംഘങ്ങൾക്ക് ആവശ്യാനുസരണം ബസുകൾ വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും കർണാടക ആർടിസി ഒരുക്കിയിട്ടുണ്ട്. ഇതോടെ ബെംഗളൂരുവിൽ നിന്നുള്ള ശബരിമല തീർഥാടകർക്ക് യാത്ര കൂടുതൽ സൗകര്യപ്രദമാകും.

Related Posts